മരണം 40855, നഷ്ടപരിഹാരം 548 പേര്‍ക്ക് മാത്രം; കേരളത്തിലെ അവസ്ഥ പരിതാപകരം- സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി. 40000ത്തോളം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് വെറും 548 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച എല്ലാവര്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ 50000 രൂപയുടെ സഹായം അനുവദിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

40855 കോവിഡ് മരണമാണ് ഇതുവരെ കേരളത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഇതില്‍ 10777 പേരുടെ ബന്ധുക്കളാണ് ഇതുവരെ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. അതില്‍ 1948 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് വരെ 548 പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ജസ്റ്റിസ്മാരായ എംആര്‍ ഷാ, ബി വി നഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ക്ഷേമരാഷ്ട്രം എന്ന നിലയില്‍ അര്‍ഹതപെട്ടവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ച്ചയയ്ക്കുള്ളില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഗുജറാത്ത് മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത നഷ്ടപരിഹാരത്തെ സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടാം സ്ഥാനത്തുള്ള കേരളം നഷ്ടപരിഹാര വിതരണം സംബന്ധിച്ച് ഫയല്‍ ചെയ്ത സത്യവാങ്മൂലം അവ്യക്തമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനുള്ള അര്‍ഹരെ കണ്ടെത്തുന്നതിന് കേരളത്തില്‍ രണ്ട് കമ്മിറ്റികളുണ്ടെന്ന് ഹര്‍ജിക്കാരന്‍ ഗൗരവ് ബന്‍സാല്‍ വ്യക്തമാക്കി. ജില്ലാ തലത്തിലുള്ള സമിതി നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്ക് അതിന് അര്‍ഹത ഇല്ലെന്നാണ് സംസ്ഥാന തലത്തിലുള്ള സമിതി പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മരണം കോവിഡ് മൂലമാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

pathram:
Related Post
Leave a Comment