ഷീന ബോറ കശ്മീരില്‍ ജീവനോടെയുണ്ട്; അന്വേഷണം ആവശ്യപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി

മുംബൈ: ഷീന ബോറയെ കോലപ്പെടുത്തിയിട്ടില്ലെന്നും മകള്‍ ജീവനോടെയുണ്ടെന്നും അവകാശപ്പെട്ട്‌ ഇന്ദ്രാണി മുഖര്‍ജി സിബിഐക്ക് കത്തയച്ചു. ഷീന കശ്മരില്‍ ജീവിച്ചിരിപ്പുണ്ടെന്നും അന്വേഷിക്കണമെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അടുത്തിടെ ജയിലില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കത്തില്‍ പറയുന്നു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊലപാതക കേസില്‍ 2015ല്‍ അറസ്റ്റിലായത് മുതല്‍ ബൈക്കുള ജയിലില്‍ കഴിയുകയാണ് അവര്‍. കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതി ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് പുതിയ നീക്കം.

ഇന്ദ്രാണിയുടെ ഡ്രൈവര്‍ ഷ്യാംവര്‍ റായ് തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ കൊലക്കേസ് പുറംലോകം അറിയുന്നത്. ഷ്യാംവറാണ് കൊലപാതക വിവരം മുംബൈ പോലീസിനെ അറിയിച്ചത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തറിഞ്ഞത്.

മുംബൈ പോലീസും സിബിഐയും പറയുന്നത് അനുസരിച്ച് മക്കളായ ഷീനയേയും മിഖായേലിനേയും തന്റെ ഗുവാഹത്തിയിലുള്ള മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു ഇന്ദ്രാണി. പിന്നീട് അമ്മയെ കുറിച്ച് അറിഞ്ഞ് ഷീന മുംബൈയിലെത്തി. ഇവിടെ തന്റെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്ക് ഉള്‍പ്പെടെ ഷീനയെ ഇന്ദ്രാണി പരിചയപ്പെടുത്തിയത് സഹോദരിയാണെന്നാണ്.

മുംബൈയില്‍ വെച്ച് തനിക്ക് ഒരു വീട് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീന സ്ഥിരം ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ്‌ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിനിടെ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്ററിന്റെ ആദ്യ വിവാഹത്തിലുള്ള മകനായ രാഹുലും ഷീനയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഷീനയെ കാണാതായത് മുതല്‍ രാഹുല്‍ അന്വേഷിച്ചിറങ്ങി.

മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് ഷീനയെ കൊലപ്പെടുത്തിയ ശേഷം റായ്ഗഡിലേക്ക് മൃതശരീരം കൊണ്ട് പോയി നശിപ്പിച്ചുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. എന്നാല്‍ ഇത് ഇന്ദ്രാണി നിഷേധിച്ചു. ഇന്ദ്രാണിക്ക് പുറമേ അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഈ കേസില്‍ അറസ്റ്റിലായിരുന്നു.

pathram:
Leave a Comment