സമരക്കാരായ യുവാക്കളെ തല്ലിച്ചതച്ച് യുപി പോലീസ്; ബിജെപി സര്‍ക്കാരിനെതിരേ വീണ്ടും വരുണ്‍ ഗാന്ധി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരേ തൊഴില്‍ രഹിതരായ യുവാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അനുകൂലിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ യുവാക്കളെ തല്ലിച്ചതച്ച യുപി പോലീസിന്റെ നടപടിയേയും വരുണ്‍ ഗാന്ധി ശക്തമായി വിമര്‍ശിച്ചു. പോലീസ് അതിക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.

സംസ്ഥാനത്ത് ആവശ്യത്തിനുള്ള ഒഴിവുകളും യോഗ്യരായ ഉദ്യോഗാര്‍ഥികളും ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിയമനങ്ങള്‍ നടക്കാത്തതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. പോലീസ് തല്ലിച്ചതച്ച പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികൃതരുടെ കുട്ടികള്‍ ആരെങ്കിലും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ അവരെ തല്ലിച്ചതയ്ക്കുമായിരുന്നോയെന്നും വരുണ്‍ ഗാന്ധി ചോദിച്ചു.

ഉത്തര്‍പ്രദേശില്‍ 69000ത്തോളം അസിസ്റ്റന്റ് ടീച്ചര്‍മാരുടെ നിയമനത്തിനായി 2019ല്‍ നടന്ന പരീക്ഷയില്‍ വന്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചായിരുന്നു തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സെന്‍ട്രല്‍ ലഖ്നൗവില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടയുകയും പ്രതിഷേധക്കാരെ തല്ലിയോടിക്കുകയുമായിരുന്നു.

കര്‍ഷക പ്രതിഷേധം, ലഖിംപുര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് സമീപകാലത്തായി പിലിഭിത്തില്‍ നിന്നുള്ള ബിജെപി എംപിയായ വരുണ്‍ ഗാന്ധി ഉന്നയിക്കുന്നതെന്നും ശ്രദ്ധേയമാണ്. ലഖ്നൗവിലെ പോലീസ് ലാത്തിച്ചാര്‍ജിനെതിരേ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

pathram:
Related Post
Leave a Comment