‘ഖുറാനും ബൈബിളും കത്തിയും കടത്താന്‍ ശ്രമം’; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കടത്താന്‍ ശ്രമം നടന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഖുറാന്‍, ബൈബിള്‍, സ്വര്‍ണപ്പിടിയുള്ള കത്തി തുടങ്ങിയവ കടത്താനാണ് ശ്രമിച്ചത്. മോന്‍സന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവും ജോഷിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റിന് തൊട്ടു പിന്നാലെയാണ് മോന്‍സന്റെ ജീവനക്കാര്‍ തമ്മില്‍ ഈ സംഭാഷണം നടക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനായി ചില സാധനങ്ങള്‍ മോന്‍സന്റെ മ്യൂസിയത്തില്‍ നിന്ന് കടത്തണമെന്നാണ് ജിഷ്ണു ജോഷിയോട് ആവശ്യപ്പെടുന്നത്.

വീടിന് മുന്നില്‍ ക്രൈം ബ്രാഞ്ച് സംഘമുണ്ടെന്നും ആ സാഹചര്യത്തില്‍ വീടിന് പിന്നിലൂടെ ഖുറാന്‍, ബൈബിള്‍ സ്വര്‍ണപ്പിടിയുള്ള കത്തി എന്നിവ പുറത്ത് കടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇവ പുറത്തെത്തിച്ചാല്‍ മാത്രമേ ഈ കേസിലെ സെറ്റില്‍മെന്റ് നടക്കുവെന്നാണ് ജിഷ്ണു ജോഷിയോട് പറയുന്നത്. അതോടൊപ്പം അറസ്റ്റ് നടക്കുന്ന സമയത്ത് ഐ.ജി ലക്ഷ്മണയും തൃശൂരിലെ വ്യവസായി ജോര്‍ജും അവിടെയുണ്ടായിരുന്നുവെന്നും ഈ സംഭാഷണത്തില്‍ പറയുന്നു.

പരാതിക്കാര്‍ക്ക് പണം നല്‍കിയാല്‍ മാത്രമേ കേസ് ഒത്തുതീര്‍പ്പാവുകയുള്ളുവെന്നും അതിനുവേണ്ടി ഈ സാധനങ്ങള്‍ പുറത്ത് കടത്തണമെന്നും ജിഷ്ണു പറയുന്നു. എങ്ങനെ കടത്തണമെന്ന കാര്യത്തില്‍ ഇരുവരും തര്‍ക്കിക്കുന്നുമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമാകാന്‍ സാധ്യതയുള്ള വിവരങ്ങളാണ് ഇവ. ഇനിയും തെളിവുകള്‍ പുറത്തുവരാനുണ്ടെന്നാണ് സൂചനകള്‍.

ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പടെയുള്ള തെളിവുകളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഈ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു. വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.

pathram:
Leave a Comment