യുവതികളെ കെണിയിലാക്കാന്‍ സൈജു പ്രത്യേക ക്യാമറകള്‍ ഒരുക്കി

കൊച്ചി: രാസലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്‌മെയില്‍ ചെയ്യാനായി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടി ഹാളുകളില്‍ പ്രത്യേക കോണുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊഴി.

ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോ സൈജുവിന്റെ ഫോണില്‍ അന്വേഷണ സംഘം കണ്ടെത്തി. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയും സൈജുവും ചേര്‍ന്നു സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ദൃശ്യമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാര്‍ അറിയാതെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

കാക്കനാട് സൈജു താമസിക്കുന്ന വാടക ഫ്‌ലാറ്റിലും ഇത്തരത്തിലുള്ള ലഹരി പാര്‍ട്ടികള്‍ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളെ സൈജു നിര്‍ബന്ധിച്ചത്. മിസ് കേരള മത്സര ജേതാക്കളായ മോഡലുകളും അവരുടെ 2 സുഹൃത്തുക്കളും സൈജുവിന്റെ ക്ഷണം നിരസിച്ചതാണു കാറില്‍ അവരെ പിന്തുടര്‍ന്ന് അപകടമുണ്ടാക്കാന്‍ വഴിയൊരുക്കിയത്.

ഹോട്ടലുടമ റോയിയുടെ സഹായത്തോടെ നമ്പര്‍ 18 ഹോട്ടലിനുള്ളില്‍ തന്നെ മോഡലുകള്‍ക്കു വേണ്ടി ലഹരിപാര്‍ട്ടി നടത്താന്‍ സൈജു പദ്ധതിയിട്ടിരുന്നു. അതിനു മുന്നോടിയായി മോഡലുകള്‍ക്കൊപ്പമെത്തിയ അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കു സൈജുവും റോയിയും ചേര്‍ന്നു ലഹരി കലര്‍ത്തിയ മദ്യം അമിതമായി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

pathram:
Related Post
Leave a Comment