ഞാനാണ് ആ സെൽഫിയെടുത്തത്’; തരൂരിന് പിന്തുണയുമായി മിമി

സെൽഫി വിവാദത്തിൽ ശശി തരൂർ എംപിക്ക് പിന്തുണയുമായി തൃണമൂൽ കോൺ​ഗ്രസ് എംപിയും അഭിനേത്രിയുമായ മിമി ചക്രബർത്തി. വനിതാ എംപിമാർക്കൊപ്പം പകർത്തിയ ചിത്രം പോസ്റ്റ് ചെയ്യവേ തരൂർ പങ്കുവെച്ച ക്യാപ്ഷനാണ് വിവാദങ്ങൾ സൃഷ്ടിച്ചത്. ഇതിനു പിന്നാലെ നിരവധി ഇടങ്ങളിൽ നിന്ന് തരൂരിന് വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തരൂരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് മിമി.

എംഎൽഎ രാജേഷ് ന​ഗറിന്റെ ട്വീറ്റിന് മറുപടിയായാണ് മിമി തരൂരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ലോക്സഭ നിയമനിർമാണത്തിനുള്ള വേദിയാണെന്നും സ്ത്രീകൾക്കൊപ്പം സെൽഫിയെടുക്കാനും അവരെ ആകർഷകരം എന്നു വിളിക്കാനും ഉള്ളതല്ലെന്നുമാണ് രാജേഷ് ന​ഗർ കുറിച്ചത്. ഭാവി എംപിമാർക്ക് തെറ്റായ കീഴ്വഴക്കം പകരുകയാണ് തരൂർ എന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനു മറുപടിയായാണ് മിമി ട്വീറ്റ് ചെയ്തത്. സെൽഫി എടുത്തത് അദ്ദേഹം അല്ല, താനാണ് എന്നാണ് മിമി കുറിച്ചത്.

ആരു പറഞ്ഞു ലോക്‌സഭ ജോലിചെയ്യാൻ ആകർഷകമായ സ്ഥലമല്ലെന്ന്’ എന്ന കുറിപ്പോടെയാണ് ലോക്‌സഭയിലെ ആറു വനിതാ എം.പി.മാർക്കൊപ്പമുള്ള സെൽഫി ശശി തരൂർ പങ്കുവെച്ചത്.

നിമിഷങ്ങൾക്കകം അനുകൂല-പ്രതികൂല പ്രതികരണങ്ങളോടെ ട്വീറ്റ് വൈറലാവുകയും ചെയ്തു. കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പരിഗണിക്കാനിരുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തിലുള്ള ‘തരൂരിന്റെ തമാശ’ പലരും ​ഗൗരവത്തിലെടുത്തു. പാർലമെന്റിലെ സ്ത്രീകൾ താങ്കളുടെ ജോലിസ്ഥലം ആകർഷകമാക്കാനുള്ള ‘സാധനങ്ങളല്ലെന്ന്’ ചിലർ കുറ്റപ്പെടുത്തി. വോട്ടുചെയ്ത ജനങ്ങൾക്കായി ജോലിസ്ഥലത്ത് എന്തൊക്കെ ആകർഷണങ്ങളാണ് താങ്കൾക്ക് വേണ്ടതെന്നായി മറ്റു ചിലർ.

സ്ത്രീ സഹപ്രവർത്തകരില്ലാത്തത് അനാകർഷകമായാണ് തോന്നുന്നതെങ്കിൽ രാഷ്ട്രീയം വിടണമെന്നായിരുന്നു വേറെയൊരു പ്രതികരണം. ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കേണ്ട സമയത്തുള്ള തമാശ അസ്ഥാനത്തായിപ്പോയെന്നും വിമർശനമുണ്ടായി.

പ്രതികൂല പ്രതികരണങ്ങൾ വർധിച്ചതോടെ തരൂർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സെൽഫി സംഭവം തമാശയായി വനിതാ എം.പി.മാരുടെ താത്‌പര്യത്താൽ നടത്തിയതാണെന്നും അതേ അർഥത്തിൽ ട്വീറ്റ് ചെയ്യാൻ അവർ തന്നെയാണാവശ്യപ്പെട്ടതെന്നും തരൂർ വിശദീകരിച്ചു. ചിലർക്കിതു അവഹേളനമായി തോന്നിയതിൽ വിഷമമുണ്ടെങ്കിലും ജോലിസ്ഥലത്തെ ഈ സൗഹൃദപ്രദർശനത്തിന്റെ ഭാഗമായതിൽ താൻ സന്തോഷവാനാണെന്നും തരൂർ പറഞ്ഞു.

pathram:
Related Post
Leave a Comment