ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണിത്. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടിലെ ഒരു സ്പിൽവെ ഷട്ടർ ചൊവ്വാഴ്ച രാവിലെ തുറന്നു.
തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചത്. കൃത്യം 24 മണിക്കൂറിനുശേഷം അണക്കെട്ടിന്റെ ഒരു ഷട്ടർ വീണ്ടും തുറക്കേണ്ടിവന്നു. വി3 ഷട്ടറാണ് ഉയർത്തിയത്. 30 സെന്റീമീറ്റർ ഉയർത്തി 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാൽ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടിവരെ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് സാധിക്കും. എന്നാൽ വലിയ രീതിയിൽ മഴ പെയ്യുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ ജലനിരപ്പ് വർധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോൾ ഒരു ഷട്ടർ തുറന്നിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്താനുള്ള അനുമതി തമിഴ്നാടിനുണ്ട്. അതനുസരിച്ച് അവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചായിരിക്കും തുടർ നടപടി സ്വീകരിക്കുക.
Leave a Comment