പാലക്കാട്: പട്ടാപ്പകൽ ദേശീയപാതയിൽനിന്ന് മീറ്ററുകൾ മാത്രം ഉള്ളിൽ ഞെട്ടിക്കുന്ന കൊലപാതകം. ഭാര്യയുടെയും മമ്പറം റോഡിലെ യാത്രക്കാരുടെയും കൺമുന്നിൽവെച്ച് ശരീരമാസകലം വെട്ടി അരുംകൊല. അക്ഷരാർത്ഥത്തിൽ പാലക്കാടിനെ ഞെട്ടിക്കുന്നതായിരുന്നു എലപ്പുള്ളി തേനാരി മണ്ഡലം ആർ.എസ്.എസ്. ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം.
കൊലപാതകം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് ഒരു വിവരവും ഇല്ല. പോലീസിനെയും സർക്കാരിനെയും പ്രതിസ്ഥാനത്തു നിർത്തിയുള്ള ആരോപണപ്രത്യാരോപണങ്ങളും കേന്ദ്രസഹമന്ത്രിമാരടക്കമുള്ളവരുടെ സന്ദർശനങ്ങളും പോലീസിനെ കുറച്ചൊന്നുമല്ല സമ്മർദത്തിലാക്കിയത്. ഒരു തിങ്കളാഴ്ച നടന്ന കൊലപാതകത്തിനുശേഷം 34 സംഘമായുള്ള പോലീസിന്റെ അന്വേഷണത്തിനൊടുവിൽ തൊട്ടടുത്ത തിങ്കളാഴ്ച ആദ്യ അറസ്റ്റ് നടന്നു.
വൈകിയെങ്കിലും അന്വേഷണം ശരിയായ ദിശയിൽ എത്തിയതിന്റെ ആശ്വാസത്തിലാണ് അന്വേഷണസംഘം. പോലീസിനെതിരെയുള്ള പ്രതിഷേധങ്ങൾ നടക്കുമ്പോഴും കരുതലോടെയായിരുന്നു അന്വേഷണം. വ്യക്തമായ തെളിവിനായുള്ള കാത്തിരിപ്പും സൂക്ഷ്മമായ നിരീക്ഷണവും ആദ്യ അറസ്റ്റിലേക്കെത്താൻ ചെറിയ കാലതാമസമുണ്ടാക്കി. എന്നാൽ, ഇതിനോടകംതന്നെ കേസുമായി ബന്ധപ്പെട്ട് കൂടുതൽപേർ കസ്റ്റഡിയിലായെന്നാണ് സൂചന. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളയാളെത്തന്നെ അറസ്റ്റുചെയ്യാനായ സാഹചര്യത്തിൽ മറ്റ് പ്രതികളിലേക്ക് ഉടൻ എത്തിപ്പെടാനാകുമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണവിവരങ്ങൾ ചോർന്നുപോകാത്തവിധം പഴുതടച്ചുള്ള രഹസ്യസ്വഭാവമാണ് പോലീസ് സൂക്ഷിച്ചത്. ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ സാഹചര്യത്തിൽ പോലീസിനെതിരെയുള്ള ആരോപണങ്ങൾക്ക് മൂർച്ച കുറയുമെന്നാണ് കരുതുന്നത്.
പലപ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങൾ വരുന്നതിനിടെയാണ് നിർണായകവഴിത്തിരിവിൽ എത്തുന്നത്.
Leave a Comment