സിക്സടിച്ചതിന്റെ കലിപ്പിൽ ബംഗ്ലദേശ് ബാറ്ററെ ‘എറിഞ്ഞിട്ടു’; അഫ്രീദിക്ക് പിഴയിട്ട് ഐസിസി

ധാക്ക: സിക്സടിച്ചതിന്റെ കലിപ്പിൽ ബംഗ്ലദേശ് ബാറ്റർ അഫിഫ് ഹുസൈനെ എറിഞ്ഞിട്ട പാക്കിസ്ഥാൻ പേസ് ബോളർ ഷഹിൻ ഷാ അഫ്രീദിക്ക് പിഴ ചുമത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). മാച്ച് ഫീയുടെ 15 ശതമാനമാണ് ഷഹീൻ അഫ്രീദിയിൽനിന്ന് പിഴയായി ഈടാക്കുക. കഴി‍ഞ്ഞ ദിവസം ധാക്കയിൽ നടന്ന പാക്കിസ്ഥാൻ – ബംഗ്ലദേശ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് ഷഹീൻ അഫ്രീദി ബംഗ്ലദേശ് താരം സിക്സർ നേടിയതിനു പിന്നാലെ അനാവശ്യമായി പന്തെടുത്ത് ആ താരത്തെ എറിഞ്ഞുവീഴ്ത്തിയത്.

പിഴ ശിക്ഷയ്ക്കു പുറമെ അഫ്രീദിക്കു മേൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9ന്റെ ലംഘനമാണ് അഫ്രീദി നടത്തിയതെന്ന് കണ്ടെത്തിയാണ് പിഴയും ഡീമെറിറ്റ് പോയിന്റും ശിക്ഷ വിധിച്ചത്. മാച്ച് റഫറി നീയാമുർ റാഷിദ് ചുമത്തിയ കുറ്റങ്ങൾ അഫ്രീദി അംഗീകരിച്ചു. കഴിഞ്ഞ 24 മാസത്തിനിടെ അഫ്രീദിക്കെതിരെ ഇത്തരത്തിൽ അച്ചടക്ക നടപടി കൈക്കൊള്ളുന്നത് ഇതാദ്യമാണ്.

അഫിഫ് ഹുസൈനെ എറിഞ്ഞു വീഴ്ത്തിയതിനു പിന്നാലെ അഫ്രിദി മത്സരശേഷം മാപ്പ് പറഞ്ഞിരുന്നു. മൂന്നാം ഓവറിലെ 2–ാം പന്തിൽ അഫ്രിദിയെ അഫിഫ് സിക്സറിനു പറത്തി. തൊട്ടടുത്ത പന്ത് അഫിഫ് തട്ടിയിട്ടത് ഓടിച്ചെന്നെടുത്ത അഫ്രിദി ഒരു കാര്യവുമില്ലാതെ സ്ട്രൈക്കേഴ്സ് എൻഡിലേക്കു ത്രോ ചെയ്തു. എന്നാൽ, ത്രോ കൊണ്ടത് അഫിഫിനാണ്. കാലിൽ ഏറുകൊണ്ട അഫിഫ് വേദനകൊണ്ടു പുളഞ്ഞാണു നിലംപതിച്ചത്. മത്സരം പാക്കിസ്ഥാൻ 8 വിക്കറ്റിനു ജയിച്ചിരുന്നു.

pathram desk 1:
Leave a Comment