മോദിയെ വാനോളം പുകഴ്ത്തി അമരീന്ദര്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിങ്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിലും കർതാർപുർ ഇടനാഴി തുറന്ന് നൽകിയതും ചൂണ്ടിക്കാട്ടിയാണ് അമരീന്ദർ സിങിന്റെ പ്രശംസ.

ഏതൊരു ദേശീയവാദിയും, നമ്മുടെ കർഷകന്റെയും കാർഷിക മേഖലയുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന പ്രതിഷേധങ്ങൾക്ക് ഇതോടെ അന്ത്യമാകുന്നുവെന്നുവെന്നും അമരീന്ദർ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനാഭിപ്രായം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് തീരുമാനം. കർഷകർക്കായി തന്റെ സർക്കാർ സ്വീകരിച്ച നിരവധി നടപടികൾ അദ്ദേഹം പ്രസംഗത്തിൽ വിശദീകരിച്ചു. സോപാധികമോ ഘട്ടം ഘട്ടമായോ പിൻവലിക്കൽ ഉണ്ടായില്ല, പ്രധാനമന്ത്രി ഉറച്ച തീരുമാനമെടുത്തു. ജയപരാജയങ്ങളുടെ രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് പിൻവലിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കാമോയോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യത്തിൽ, ജനങ്ങളുടെ താത്പര്യം കേൾക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല, അത് ചെയ്യുന്ന ഒരു നേതാവിനേക്കാൾ വലിയ ജനാധിപത്യവാദിയില്ല അമരീന്ദർ കുറിച്ചു.

ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല, നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്നത് നമ്മുടെ കർഷകരാണ്. അതുപോലെ, സിഖ് വിശ്വാസത്തെ സ്വന്തം രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. 1980 കളിലെ ഓർമ്മകളും മുറിവുകളും എല്ലാവർക്കും കാണാനുള്ളതാണ്. ഈ വിഷയങ്ങളിൽ ആരെങ്കിലും രാഷ്ട്രീയം കളിച്ചാൽ അവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.

pathram desk 1:
Related Post
Leave a Comment