ചെന്നൈ: പുതുക്കോട്ടയിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. 10, 17 വയസുള്ള കുട്ടികൾ ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. അൽപ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂർ റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവൽപ്പട്ടിനുസമീപം ബൈക്ക് പട്രോളിങ്ങിനിടെയാണ് രാത്രി രണ്ടുപേർ ഇരുചക്രവാഹനത്തിൽ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാൽ ഇവരെ പിടികൂടാൻ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കിൽ രണ്ടുവഴികളിലായി പിന്തുടർന്നു.
വേഗത്തിൽപ്പോയ മോഷ്ടാക്കൾ തിരുച്ചിറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പിന്തുടർന്ന ഭൂമിനാഥൻ കീരനൂരിനടുത്തുവെച്ച് ഇവരെ പിടികൂടി. ഇതിനിടയിൽ മോഷ്ടാക്കൾ മാരകായുധങ്ങളെടുത്ത് എസ്.ഐ.യെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. പോലീസെത്തുമ്പോൾ വെട്ടേറ്റ് മരിച്ചുകിടക്കുന്ന ഭൂമിനാഥനെയാണ് കാണുന്നത്.
മരിച്ച ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർജോലി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment