അപകടമുണ്ടായത് 12.15ന്, പരിക്കേറ്റവരെ പുറത്തെടുത്തത് ഒരു മണിക്ക് , സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ,

കൊച്ചി: എറണാകുളം വൈറ്റിലയിലുണ്ടായ കാര്‍ അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നുവെന്ന് അപകടം നടന്നതിന് അടുത്ത് ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ സജി. രാത്രി 12.15ഓടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ ഒരു മണിയോടെയാണ് പുറത്തെടുക്കുന്നത്. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിരുന്നു.

അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവര്‍ക്ക് പുറമേ മറ്റ് രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുഹമ്മദ് ആഷിഖ്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷന്മാരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്ത് എത്തിയതെന്നും ഡോര്‍ പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തതെന്നും സജി പറഞ്ഞു. അര മണിക്കൂറോളം എടുത്താണ് നാല് പേരെയും പുറത്തടുത്തത്. വാഹനം ഒടിച്ചിരുന്നയാള്‍ക്ക് ചെറിയ പരിക്ക് മാത്രമേയുള്ളൂ. ബൈക്ക് യാത്രക്കാരന്റെ പരിക്കും ഗുരുതരമല്ല. പോലീസും ആംബുലന്‍സും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും സജി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്നില്‍ സഞ്ചരിച്ച ബൈക്കിലാണ് കാര്‍ ഇടിച്ചത്. ബൈക്കിന്റെ സൈലന്‍സര്‍ ഇളകിയ നിലയിലാണ്. കാറിന്റെ ടയര്‍ തകര്‍ന്ന് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മോട്ടോര്‍ വാഹന വകുപ്പും പോലീസും സംഭവസ്ഥലത്ത് പരിശോധന നടത്തി. കാറിന്റെ വേഗത സംബന്ധിച്ച കാര്യങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

pathram:
Related Post
Leave a Comment