അനുപമയ്ക്ക് ആശ്വാസം; ദത്തെടുക്കല്‍ നടപടിക്ക് ഇടക്കാല സ്റ്റേ

തിരുവനന്തപുരം: അനുപമയ്ക്ക് ആശ്വാസം. കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി തിരുവന്തപുരം കുടുംബ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരും ശിശുക്ഷേമ സമിതിയും അനുപമയ്ക്ക് ഒപ്പമുള്ള നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.

കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ടത് എന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തിലാണ് പ്രധാന തര്‍ക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നതുവരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെങ്കില്‍ അതിന് ഡി.എന്‍.എ. പരിശോധന ആവശ്യമാണ്. അത് ആവശ്യമെങ്കില്‍ നടത്തേണ്ടി വരുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കുഞ്ഞിന്റെ ദത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് അന്തിമ ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കേണ്ടതായിരുന്നു. എന്നാല്‍ അപ്പോഴാണ് സര്‍ക്കാര്‍ അനുപമയ്ക്കു വേണ്ടി ഇടപെടുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തത്.

pathram:
Leave a Comment