മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്റെ നിർമാണം തമിഴ്നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്ന് നടൻ ഹരീഷ് പേരടി. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റ് എന്നിവയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പോസ്റ്റെന്നും അദ്ദേഹം പരിഹാസത്തോടെ കുറിച്ചു.
‘2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിർമാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്.പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്.തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.’ -ഹരീഷ് പേരടി പറഞ്ഞു.
മുല്ലപ്പെരിയാൽ ഡാം ഡീകമ്മിഷൻ ചെയ്യണം എന്ന ആവശ്യം ഉയർത്തി വൻ ക്യാംപെയിനാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും ഈ ആവശ്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേജിന് താഴെയും ഈ ആവശ്യം നിറയുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.
Leave a Comment