ഇത് നീതിക്കായുള്ള പോരാട്ടം; കുഞ്ഞിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമയുടെ നിരാഹാരസമരം ആരംഭിച്ചു

തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ എസ്. ചന്ദ്രന്റെ നിരാഹാര സമരം. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സമരം ആരംഭിക്കുന്നതിനു മുന്‍പ് അനുപമ പ്രതികരിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിളിച്ചിരുന്നു. സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ തനിക്ക് സന്തോഷവും തൃപ്തിയുമുണ്ടെന്നും അനുപമ പറഞ്ഞു.

ഇത് സര്‍ക്കാരിനെതിരെയുള്ള സമരമല്ല. കുഞ്ഞിനെ കാണാതായെന്ന് പരാതി കൊടുത്തപ്പോഴും പോലീസ് എഫ്.ഐ.ആര്‍ ഇടാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ല. കുട്ടിയെ കാണാതായെന്ന പരാതിയുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. പരാതിയുമായി പോയി കരയുമ്പോള്‍ ഞാനൊരു അമ്മയാണെന്ന പരിഗണന പോലും ലഭിച്ചിട്ടില്ല. പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തപ്പോള്‍ എഫ്.ഐ.ആര്‍ ഇടാന്‍ തയ്യാറായില്ല. മൊഴി പോലും രേഖപ്പെടുത്തിയില്ല. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങള്‍ പോലും പോലീസും സി.ഡബ്ല്യൂ.സിയും ശിശുക്ഷേമ സമിതിയും ചെയ്തിട്ടില്ല. അതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്.

എന്റെ സമരം ഒരു പാര്‍ട്ടിക്കും എതിരല്ല, ഒരു പാര്‍ട്ടിയുടേയും പിന്തുണയിലല്ല. സിപിഎം നേതാക്കളെ എ.കെ.ജി സെന്ററില്‍ പോയി കണ്ടതാണ്. പലതവണ പരാതി ധരിപ്പിച്ചു. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന സമയത്ത് പാര്‍ട്ടി നേതാക്കളാരും സഹായിച്ചിട്ടില്ല. ഇപ്പോള്‍ കുറേ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കുന്നു. അന്ന് സംസാരിച്ച രീതിയിലല്ല ഇന്ന് പലരും സംസാരിക്കുന്നത്. കുട്ടിയെ കൈമാറിയെന്ന് തന്റെ അച്ഛന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും ലോക്കല്‍ കമ്മിറ്റി അംഗമായും സി.ഐ.ടി.യു ഭാരവാഹിയായും തുടരുകയാണ്. അതിനര്‍ഥം പാര്‍ട്ടി അച്ഛനെ പിന്തുണയ്ക്കുന്നു എന്നതാണ്. എന്തുകൊണ്ടാണ് പാര്‍ട്ടി അച്ഛനെതിരേ നടപടി സ്വീകരിക്കാത്തതെന്ന് അനുപമ ചോദിച്ചു.

ആന്ധ്രയിലേക്കാണ് ദത്ത് പോയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ തനിക്കിപ്പോഴുണ്ടെന്നും അനുപമ പറഞ്ഞു.

pathram:
Leave a Comment