ഇടുക്കി ഡാമും തുറക്കുന്നു… ഇടമലയാർ അദ്യം തുറക്കും…

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍ റൂള്‍ കര്‍വിലേത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറുമണിയോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഡാമിലെ ജലനിരപ്പ് നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ എത്തുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ ഡാമില്‍ 2397.28 അടി വെള്ളമുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്.

കൂടാതെ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി ഇടമലയാർ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുന്നതാണ്. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല.

ഇടമലയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലും, തുലാവർഷത്തോടനുബന്ധിച്ച്
വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി.

ഇതിന് പുറമെ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം
ഉണ്ടായാൽ രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് വേണ്ടി കൂടിയാണ് ഇടമലയാറിലെ അധികജലം ഒഴുക്കി നിരപ്പ് ക്രമീകരിച്ചു നിർത്തുന്നത്.

ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെങ്കിലും, ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കാൻ ഇടയുള്ളതിനാൽ, രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോൾ തന്നെ ഇടമലയാർ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതിന് അനുമതി നൽകുന്നത്.

പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 100 ക്യുബിക്ക് മീറ്റർ/സെക്കന്റ് മാത്രമായതിനാൽ പെരിയാറിൽ ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

അണക്കെട്ടിൽ നിന്നും വെള്ളമൊഴുക്കുന്നതിന് മുന്നോടിയായി ബാധിത പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കേണ്ടവർക്കായി ക്യാമ്പുകളും സജ്ജമാണ്. ഇതു സംബന്ധിച്ച വിവരങ്ങൾക്കായി വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടുക

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകളും ആവശ്യമായ മാർഗ നിർദേശം നൽകും.

എറണാകുളം ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ
എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ)
ലാൻഡ് ഫോൺ – 0484- 2423513
മൊബൈൽ – 9400021077

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ
ആലുവ – 0484 2624052
കണയന്നൂർ – 0484 – 2360704
കൊച്ചി- 0484- 2215559
കോതമംഗലം – 0485- 2860468
കുന്നത്തുനാട് – 0484- 2522224
മുവാറ്റുപുഴ – 0485- 2813773
പറവൂർ – 0484- 2972817

pathram desk 2:
Related Post
Leave a Comment