ഒളിച്ചോടിയ സഹോദരിയെയും കാമുകനെയും പിടികൂടി, കാമുകനെ അടിച്ചുകൊന്നു; മൃതദേഹവുമായി പോലീസ് സ്‌റ്റേഷനില്‍

ബെംഗളൂരു: സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചതിന്റെ പേരിൽ 24-കാരനെ നാലുപേർ അടിച്ചുകൊന്ന് മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി നാലംഗ സംഘം കീഴടങ്ങി. ബെംഗളൂരുവിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

ബെംഗളൂരു നിവാസിയായ ഭാസ്കറാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറായ മുനിരാജു (28), മാരുതി (22), നാഗേഷ് (22), പ്രശാന്ത് (20) എന്നിവരാണ് പ്രതികൾ. മുഖ്യപ്രതിയായ മുനിരാജുവിന്റെ വിവാഹിതയായ സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചതിനാണ് ഭാസ്കറെ കൊലപ്പെടുത്തിയത്. ഒളിച്ചോട്ടത്തെക്കുറിച്ച് അറിഞ്ഞ മുനിരാജു ഭാസ്കറിനെയും സഹോദരിയെയും അവരുടെ കുട്ടിയെയും നാഗർഭാവി സർക്കിളിൽവെച്ച് പിടികൂടി. തുടർന്ന് മറ്റു പ്രതികളുടെ സഹായത്തോടെ വീട്ടിലെത്തിച്ചു.

ഇതിനുശേഷം ഭാസ്കറിനെ കെബ്ബെഹള്ളയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൂർച്ചയേറിയ വസ്തുക്കളുപയോഗിച്ച് മർദിച്ചു. ഇതിനിടെ തലയ്ക്ക് ഇടിയേറ്റ ഭാസ്കർ ബോധരഹിതനാവുകയും മരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വെസ്റ്റ് ഡി.സി.പി. സഞ്ജീവ് എം. പാട്ടീൽ പറഞ്ഞു. മരിച്ചെന്ന് ഉറപ്പായതോടെ പ്രതികൾ മൃതദേഹവുമായി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment