തീവ്രമഴ; ന്യൂനമർദത്തിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’

അപ്രതീക്ഷിതമായ അതിതീവ്രമഴയ്ക്കു കാരണമായതു മേഘവിസ്ഫോടനമാണോ എന്ന കാര്യത്തിൽ കാലാവസ്ഥാ ശാസ്ത്രജ്ഞർ ഇപ്പോഴും രണ്ടു തട്ടിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായതു ലഘു മേഘ വിസ്ഫോടനമാണെന്നു കേരളത്തിലുള്ള കാലാവസ്ഥാ വിദഗ്ധർ ഉറപ്പിക്കുമ്പോൾ അങ്ങനെയല്ലെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ.മൃത്യുഞ്ജയ മഹാപാത്ര പറയുന്നത്. അറബിക്കടലിലെ ന്യൂനമർദവും കാറ്റുമാണു കനത്ത മഴയ്ക്കു കാരണമായതെന്നാണ് അദ്ദേഹത്തിന്റെ വാദം.

2017ൽ ഉത്തരാഖണ്ഡിലും 2014ൽ ജമ്മുവിലും തെഹ്‌രിയിലും കഴിഞ്ഞ വർഷം കർണാടകയിലും ഈ വർഷം ഉത്തരാഖണ്ഡിലും മേഘസ്‌ഫോടനം ഉരുൾപൊട്ടലിലാണു കലാശിച്ചത്. 2019ൽ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായതും മേഘവിസ്ഫോടനമായിരുന്നുവെന്നാണു കാലാവസ്ഥാവിദഗ്ധർ കണ്ടെത്തിയത്. ‌‌

കേരളത്തിൽ 16നു പെയ്ത മഴയിൽ വലിയൊരു ഭാഗം മൂന്നു മണിക്കൂറിനിടെയായിരുന്നു എന്നതാണു ലഘുമേഘ വിസ്ഫോടനം എന്ന വിലയിരുത്തലിലേക്ക് കാലാവസ്ഥാ വിദഗ്ധർ എത്താൻ കാരണം. കരുത്തുറ്റ മേഘങ്ങളുടെ പിൻബലവും ന്യൂനമർദത്തിന്റെ അകമ്പടിയുമുണ്ടെങ്കിലേ പശ്ചിമഘട്ടത്തിൽ 200 മുതൽ 400 മില്ലിമീറ്റർ വരെ മഴ ലഭിക്കൂ.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊള്ളുന്ന ന്യൂനമർദങ്ങൾ സാധാരണഗതിയിൽ വടക്കു പടിഞ്ഞാറു ദിശയിലാണു സഞ്ചരിക്കാറുള്ളത്. ന്യൂനമർദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായാലും ഈ ദിശയ്ക്കു കാര്യമായ മാറ്റമുണ്ടാകാറില്ല. കേരളതീരത്തുകൂടി കടന്നുപോകുന്ന ചുഴലിക്കാറ്റുകളോ ന്യൂനമർദങ്ങളോ ആണു സാധാരണഗതിയിൽ കാറ്റിനും മഴയ്ക്കും വഴിയൊരുക്കാറുള്ളത്. ഓഖി ഉൾപ്പെടെ കേരളത്തിൽ മഴയ്ക്കു കാരണമായ ചുഴലിക്കാറ്റുകളെല്ലാം ഈ ദിശ പാലിക്കുന്നതായിരുന്നു.

ബംഗാൾ ഉൾക്കടലിലാണു ന്യൂനമർദം രൂപപ്പെടുന്നതെങ്കിൽ അറബിക്കടലിൽ നിന്നുള്ള കാറ്റിന്റെ ഗതി മാറുകയും ഇതു കേരളത്തിൽ മഴയ്ക്കു വഴിയൊരുക്കുകയും ചെയ്യും. എന്നാൽ, 16നുണ്ടായ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കിയത് 14–ാം തീയതിയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമർദത്തിന്റെ ദിശതെറ്റിയുള്ള സഞ്ചാരമായിരുന്നു. ഇതാദ്യമായി അറബിക്കടലിൽനിന്നു ന്യൂനമർദം വടക്കുപടിഞ്ഞാറു ദിശയ്ക്കു പകരം കേരളം ലക്ഷ്യമാക്കി കിഴക്കോട്ടു നീങ്ങി. കൂട്ടായി കനത്ത കാറ്റും. ന്യൂനമർദത്തിന്റെ ഈ നുഴഞ്ഞുകയറ്റമാണ് അതിതീവ്രമഴയ്ക്കു വഴിയൊരുക്കിയത്. ഇന്നലെ വൈകിട്ടോടെ ന്യൂനമർദം അതിർത്തികടന്ന് കേരളത്തിന്റെ മുകളിലെത്തിയെങ്കിലും പൊടുന്നനെ ദുർബലമായി. ശക്തി കുറയാതെ ഏതാനും മണിക്കൂറുകൾ കൂടി കേരളത്തിനു മുകളിൽ ഈ ന്യൂനമർദം തുടർന്നിരുന്നെങ്കിൽ 2018നെക്കാൾ വലിയ ദുരന്തം നമ്മൾ ഒരുപക്ഷേ നേരിടേണ്ടി വരുമായിരുന്നു.

pathram desk 1:
Leave a Comment