മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിച്ച ആറ് പേര്‍ക്ക് എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്.
ആര്യന്‍ ഖാന്റ ഫോണ്‍ പിടിച്ചടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിച്ചു. പാര്‍ട്ടിയില്‍ ആര്യന്‍ ഖാന് ബന്ധമുണ്ടയെന്നും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ നിന്ന് എത്തിയ മൂന്ന് പെണ്‍കുട്ടികളും നര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വ്യവസായിയുടെ മകള്‍ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡിനേത്തുടര്‍ന്ന് എട്ട് പേര്‍ പിടിയിലായിരുന്നു. കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലില്‍ ശനിയാഴ്ച കപ്പലില്‍ നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. എട്ടുപേരെ അറസ്റ്റ് ചെയ്തതായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞിരുന്നു.
സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. കപ്പല്‍ മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു.
ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Comment