ന്യൂഡൽഹി : നവ്ജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതിനെത്തുടർന്ന് പഞ്ചാബിലെ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലായെങ്കിലും ഉടൻ പുതിയ തീരുമാനങ്ങൾക്കില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, രാജിതീരുമാനം മാറ്റണമെങ്കിൽ തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നു സിദ്ദു സൂചിപ്പിച്ചു.
നിയമസഭയിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഭൂരിപക്ഷം തെളിയിക്കണമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പക്ഷത്തുള്ള എംഎൽഎമാർ ആവശ്യപ്പെട്ടേക്കുമെന്ന് അറിയുന്നു. സിദ്ദുവിന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്ത് ചർച്ച ചെയ്യാനാണ് പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം നിർദേശിച്ചത്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ഉടൻ അങ്ങോട്ടു പോകുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സിദ്ദുവിന്റെ താൽപര്യപ്രകാരം അമരീന്ദറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ മുൻകൈയെടുത്തവരിൽ രാഹുൽ ഗാന്ധി കേരളത്തിലാണ്, പ്രിയങ്ക യുപിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിലും. പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കാൻ പോലും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ തയാറായില്ല. ഹരീഷ് റാവത്ത് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിക്കുമെന്നും സുപ്രിയ പറഞ്ഞു.
അഴിമതിയാരോപണം നേരിടുന്ന റാണ ഗുർജീത് സിങ്ങിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുക, അഡ്വക്കറ്റ് ജനറലിനെയും ഡിജിപിയെയും മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ നിലപാടു മാറ്റാമെന്നാണ് സിദ്ദു ഇന്നലെ സൂചിപ്പിച്ചത്. കറപുരണ്ട നേതാക്കളും ഉദ്യോഗസ്ഥരും തുടരുകയെന്ന രീതി പറ്റില്ലെന്ന് സിദ്ദു പറഞ്ഞു. എന്നാൽ, കോൺഗ്രസ് നേതൃത്വത്തോട് സിദ്ദു വിശ്വാസ വഞ്ചന കാട്ടിയെന്ന് പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ സുനിൽ ഝക്കർ പറഞ്ഞു.
Leave a Comment