കൊച്ചി: റിസോര്‍ട്ടില്‍ താമസിച്ച യുവാവിനെ റിസോര്‍ട്ടിനു പുറത്തെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 3 വയസ്സു മാത്രമുള്ള മക്കളായ ഇരട്ടകള്‍ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു കരഞ്ഞു. പുലര്‍ച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്.
കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെയും ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫിസര്‍ ലിസിമോളുടെയും ഏകമകന്‍ ജിതിന്‍ (29) ആണു മരിച്ചത്. പിതാവ് ജോര്‍ജ് വിദേശത്താണ്. ജിതിന്‍ മക്കളായ ഏയ്ഡനും ആമ്പര്‍ലിക്കുമൊപ്പം 6 ദിവസം മുന്‍പാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ.
ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരില്‍ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലായിരുന്നു. കാക്കനാട്ടെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിന്‍ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാൽ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
Leave a Comment