തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നഗരസഭാധ്യക്ഷ അജിത തങ്കപ്പന് ക്ലീന്‍ ചിറ്റ്

കൊച്ചി : തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നഗരസഭാധ്യക്ഷ അജിത തങ്കപ്പന് ക്ലീന്‍ ചിറ്റ് നല്‍കി കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍. കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിനു തെളിവില്ലെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. ആരോപണത്തിനു പിന്നില്‍ തൃക്കാക്കരയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് കളിയെന്നും കമ്മിഷന്‍ വിലയിരുത്തി.

അധ്യക്ഷയുടെയും കൗണ്‍സിലര്‍മാരുടെയും വിശദമായ മൊഴിയെടുത്തിരുന്നു. പണക്കിഴി വിവാദം അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഡിസിസിയാണു രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്. സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ പണം അടങ്ങിയെന്നു പറയപ്പെടുന്ന കവറിന്റെ ദൃശ്യങ്ങള്‍ മാത്രമാണു മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിച്ചത്. കവറില്‍ പണം അടങ്ങിയിട്ടുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണ്.

അധ്യക്ഷയെ സ്ഥാനത്തുനിന്നു നീക്കാനുള്ള കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയും ഇതിനു കാരണമായി. ഭരണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. അധ്യക്ഷയ്‌ക്കെതിരെ നീക്കം നടത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ എന്തു നടപടിയാണു വേണ്ടതെന്നു നേതൃത്വത്തെ കമ്മിഷന്‍ അറിയിക്കും.

pathram:
Leave a Comment