മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരേ ”കരണത്തടി” പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് കസ്റ്റഡിയിലെടുത്തു. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പോലീസ് റാണെയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് റാണെ, ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
റായ്ഗഢില്‍ ”ജന ആശീര്‍വാദ് യാത്ര”യില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരെ റാണെയുടെ വിവാദ കരണത്തടി പരാമര്‍ശം. ഓഗസ്റ്റ് 15-ന് നടത്തിയ അഭിസംബോധനയ്ക്കിടെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഉദ്ധവ് മറന്നുപോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു.
അതേസമയം റാണെയുടെ വിവാദ പരാമര്‍ശത്തെ ചൊല്ലി ശിവസേന, ബി.ജെ.പി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച തെരുവില്‍ ഏറ്റുമുട്ടി. കേസില്‍ മന്ത്രിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന് കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. റാണെ, രാജ്യസഭാംഗമായതിനാല്‍ അറസ്റ്റിനുശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശിവസേന നേതാക്കള്‍ മുംബയിലെ റാണെയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി നേതാക്കള്‍ തടയാന്‍ ശ്രമിച്ചതോടെയായിരുന്നു ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് പോലീസ് പ്രത്യേക സേനയെ വിന്യസിച്ച് സാഹചര്യം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപാര്‍ട്ടിക്കാരും പരസ്പരം കല്ലെറിഞ്ഞു. ശിവസേനാ നേതാക്കള്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. നാഗ്പൂരിലെ ബി.ജെ.പി ഓഫീസിനു നേരെയും ഇന്നുരാവിലെ ശിവസേന നേതാക്കള്‍ കല്ലെറിഞ്ഞു. സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സൃഷിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കള്‍ ആരോപിച്ചു.
Leave a Comment