ചെന്നൈ: തമിഴ്നാട്ടിൽ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വിരുദുനഗർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭർത്താവ് വിഘ്നേഷ്(35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ കണ്ടക്ടറാണ് വിഘ്നേഷ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദമ്പതിമാർക്കിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. എട്ട് വർഷം മുമ്പാണ് ഭാനുപ്രിയയും വിഘ്നേഷും വിവാഹിതരായത്. ദമ്പതിമാർക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്. വിരുദുനഗറിലെ കുളക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
അടുത്തിടെ മധുരയിലേക്ക് താമസം മാറാൻ വിഘ്നേഷ് ആഗ്രഹിച്ചിരുന്നു. എന്നാൽ മധുരയിലേക്ക് പോകാൻ ഭാനുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ദമ്പതിമാർ പലതവണ വഴക്കിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയും ഇതേ വിഷയത്തിൽ തർക്കമുണ്ടായി. ഇതിനിടെയാണ് വിഘ്നേഷ് ഭാര്യയെ ബെൽറ്റ് കഴുത്തിൽമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട ഭാനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും യുവതിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Leave a Comment