കൊച്ചി: മുഖ്യമന്ത്രിയുടെയും അന്നത്തെ സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ഡോളര്‍ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കി എന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ വ്യക്തമാക്കി. ജയിലില്‍ ഭീഷണിയുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിനിടെ സ്വപ്ന കസ്റ്റംസിനോടു വ്യക്തമായി പറഞ്ഞതാണ്. ജയിലിലെ സുരക്ഷ സംബന്ധിച്ചു സ്വപ്നയും അവരുടെ ബന്ധുവും പറഞ്ഞ കാര്യങ്ങളാണു കസ്റ്റംസ് കോടതിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും ഇത് അറിയിച്ചെന്നു മുംബൈയിലേക്കു സ്ഥലംമാറിപ്പോകുന്ന സുമിത് കുമാര്‍ പറഞ്ഞു.
അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ക്കെതിരെ ജയില്‍ ഡിജിപി നല്‍കിയ ഹര്‍ജിയിന്മേലുള്ള വിശദീകരണപത്രികയിലാണ് സുമിത് കുമാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. സത്യവാങ്മൂലത്തില്‍ ‘മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്നൊരു പരാമര്‍ശമുണ്ടല്ലോ?’ എന്ന ചോദ്യത്തിന്, ‘അതെല്ലാം പൊതുജനത്തിനു ലഭ്യമായിട്ടുള്ള രേഖകളാണ്. അതില്‍ മാറ്റമൊന്നുമില്ല’ എന്നായിരുന്നു മറുപടി.
Leave a Comment