കോട്ടയത്ത് ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍, സാമ്പത്തിക പ്രശ്‌നമെന്ന് സൂചന

കോട്ടയം: ക്രെയിന്‍ സര്‍വീസ് ജീവനക്കാരായിരുന്ന ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം കടുവാക്കുളത്താണ് സംഭവം. നസീര്‍, നിസാര്‍ (33) എന്നിവരെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സഹോദരങ്ങളും ഇവരുടെ അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

രാവിലെ ഒരു മകന് കാപ്പിയുമായി മുറിയിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കാണുന്നത്‌.. അമ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടത്.

മുന്‍പ് നാട്ടകത്ത് താമസിച്ചിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുന്‍പാണ് കടുവാക്കുളത്ത് താമസത്തിന് വന്നത്. ക്രെയിന്‍ സര്‍വീസ് ഉടമ മരിച്ചതോടെ ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുകയുമായിരുന്നു. ലോക്ഡൗണില്‍ കൂലിപ്പണിയും കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി കടുത്തത്.

ഇരുവരും ഒരു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നുവെന്നും ജപ്തി ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സഹോദരങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ബാധ്യതകളുമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.

pathram:
Related Post
Leave a Comment