അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: അനില്‍കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്‌. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.

ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. എഡിജിപി കസേരിയില്‍ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അനില്‍ കാന്തിനുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈകീട്ട് പോലീസ് ആസ്ഥാനത്തെത്തുന്ന അനില്‍ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുക്കും.

ഡിജിപി സ്ഥാനത്തേക്ക് അനില്‍ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാര്‍ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതില്‍ നിന്നാണിപ്പോള്‍ അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.

ഏഴ് മാസത്തെ സര്‍വീസാണ് അനില്‍ കാന്തിന് അവശേഷിക്കുന്നത്‌. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമോപദേശങ്ങള്‍ തേടിയേക്കും

pathram:
Leave a Comment