മുട്ടില്‍ മരംമുറിക്കേസ്: ഉന്നതതല അന്വേഷണസംഘത്തെ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് നയിക്കും

കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസ്. നയിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തെത്തി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മരംമുറിക്കേസില്‍ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. ഈ സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. മരംമുറിക്കല്‍ നടന്ന മുട്ടിലില്‍ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.

‘ഗൂഢാലോചന നടന്നെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു’- മരംമുറിയില്‍ ഗൂഢാലോചന നടന്നെന്ന് സര്‍ക്കാര്‍ സംശയിക്കുന്നതായും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. മരംമുറിക്കലിലേക്ക് നയിച്ച ഉത്തരവ് സര്‍ക്കാര്‍ സദുദ്ദേശപരമായി പുറത്തിറക്കിയതായിരുന്നു എന്ന് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കര്‍ഷകര്‍ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ വേണമെങ്കില്‍ മുറിക്കാം എന്നുള്ള ഉദ്ദേശത്തില്‍ സര്‍വകക്ഷി തീരുമാന പ്രകാരം ഇറക്കിയ ഉത്തരവായിരുന്നു വ്യാപക മരംമുറിക്കലിലേക്ക് നയിച്ചത്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയും ചെയ്തു. ഈ തിരിച്ചറിവില്‍ സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരാണ് ചെയ്തത്? ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനംവകുപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതൊക്കെ അംഗങ്ങള്‍ സംഘത്തില്‍ വേണമെന്ന് അതത് വകുപ്പ് തീരുമാനിക്കും.

pathram:
Leave a Comment