കുഴല്‍പ്പണക്കേസ്: 1.12 കോടിയും സ്വര്‍ണവും പിടികൂടി, 96 സാക്ഷികളുടെ മൊഴിയെടുത്തു-മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.

കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ.ഡി കേരളാപോലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

pathram:
Leave a Comment