കുഴല്‍പ്പണക്കേസ്: ധര്‍മരാജന്‍ തൃശൂരില്‍ എത്തിച്ചത് 9.80 കോടി, നിര്‍ണായകവിവരങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏകദേശം 9.80 കോടി രൂപയാണ് ധര്‍മ്മരാജന്‍ തൃശൂരില്‍ എത്തിച്ചതെന്ന നിര്‍ണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലയില്‍ ഏല്‍പിച്ചു. ബാക്കി തുകയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നെന്നുമാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം.

പരാതിക്കാരന്‍ ധര്‍മരാജന്‍ നേരത്തെയും കുഴല്‍പ്പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കവര്‍ച്ചാ കേസിന് പുറമേ, പണം എങ്ങനെ എത്തിച്ചു?, എവിടെനിന്ന് എത്തിച്ചു? എത്ര പണം എത്തിച്ചു എന്നീ കാര്യങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്‌

കുഴല്‍പ്പണ കവര്‍ച്ച നടക്കുന്നത് ഏപ്രില്‍ മാസം മൂന്നാം തിയതിയാണ്. ഏപ്രില്‍ രണ്ടിന് ധര്‍മരാജനും സംഘവും തൃശ്ശൂരിലെത്തുമ്പോള്‍, 9.80 കോടി രൂപ അവരുടെ കൈവശം ഉണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്ന്. ഇതില്‍ 6.30 കോടി തൃശ്ശൂരില്‍ നല്‍കുകയും ബാക്കി 3.50 കോടി രൂപയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. രണ്ടു കോടി രൂപ തൃശ്ശൂര്‍ മണ്ഡലത്തിനു വേണ്ടി മാത്രം നല്‍കിയെന്നും വിവരം പുറത്തെത്തുന്നുണ്ട്.

6.30 കോടി തൃശ്ശൂര്‍ ജില്ലയ്ക്കു വേണ്ടി മാത്രമാണ് നല്‍കിയത്. ബാക്കി തുക ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളിലേക്കു കൂടി വിഭജിച്ച് നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് പണം കണ്ടെത്തുന്നതിനു വേണ്ടി കുഴല്‍പ്പണ ഇടപാടുകാരെ പാര്‍ട്ടി നേതൃത്വം ഏര്‍പ്പെടുത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment