കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ കോവിഡ് പാക്കേജ്

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി വകയിരുത്തി. തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കള്‍ വര്‍ധിപ്പിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment