കൊറോണയ്ക്ക് സ്വാഭാവിക മുന്‍ഗാമികളില്ല; ചൈനീസ് ലാബില്‍ നിര്‍മിച്ചത്: പുതിയ പഠനം

ലണ്ടൻ: കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമിച്ചതാണെന്നു പുതിയ പഠനം. കൊറോണ വൈറസ് സാർസ് കോവ് –2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തി. വവ്വാലുകളിൽനിന്നാണു വൈറസ് ഉൽഭവിച്ചതെന്നു വരുത്തിത്തീർക്കുന്നതിനു റിവേഴ്സ് എൻജിനീയറിങ് നടത്തിയെന്നും പഠനം വെളിപ്പെടുത്തുന്നു.

കൊറോണ വൈറസിന്റെ ഉൽഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പഠനം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. ബ്രിട്ടിഷ് പ്രഫസർ ആൻഗസ് ഡാൽഗ്ലൈഷ്, നോർെവയിൻ ശാസ്ത്രജ്ഞൻ ഡോ. ബിർജെർ സോറെൻസെൻ എന്നിവർ നടത്തിയ പഠനം ഡെയ്‌ലി മെയിൽ ആണു റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ ഗുഹകളിലെ വവ്വാലുകളിൽ സാധാരണ കാണുന്ന വൈറസിൽ മുനകൾ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാർജുള്ള ഭാഗങ്ങളിൽ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും.

ഒരു നിരയിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാൻ സാധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാൽ കോവിഡ്–19ന്റെ കാര്യത്തിൽ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

പ്രാഥമിക പഠനങ്ങൾ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞർമാരും മാധ്യമങ്ങളും തള്ളിക്കളഞ്ഞെന്നും ഡാൽഗ്ലൈഷ്, സോറെൻസെൻ എന്നിവർ പറഞ്ഞു. വിവരങ്ങൾ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും വുഹാനിലെ ലാബുകളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു. ചൈനയിലെ ലാബിലാണ് വൈറസ് ഉണ്ടായതെന്ന് ആരോപണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്.

pathram desk 1:
Related Post
Leave a Comment