കോവിഡിനു ശേഷം കു‌ഴഞ്ഞുവീണു മരണം; ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണം

തൃശൂർ: കോവിഡ് കേന്ദ്രത്തിൽനിന്നു കോവിഡ് ഇല്ലെന്നു കാണിച്ചു വീട്ടിലേക്കു തിരിച്ചയച്ചയാൾ വീട്ടിൽ കു‌ഴഞ്ഞുവീണതിനെത്തുടർന്ന് മരിച്ചു. ഒന്നര മണിക്കൂർ ആംബുലൻസിനായി കാത്തിരുന്നിട്ടും കിട്ടാതെവന്നപ്പോൾ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. വൈകാതെ മരിച്ചു. നെഗറ്റീവാണെന്ന നിഗമനത്തിൽ ചികിത്സയ്ക്കു ശേ‌ഷം തിരിച്ചയച്ച ഇദ്ദേഹത്തിന്റെ മൃതദേഹം പോസിറ്റീവാണെന്നു ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പു വിട്ടുകൊടുത്തില്ലെന്ന് ആരോപണമുണ്ട്. കോവിഡ് മാനദണ്ഡമനുസരിച്ചു സംസ്കരിക്കാനാണ് നിർദേ‌‌ശം.

പട്ടികജാതി വിഭാഗക്കാരനാണ്. കിഴക്കുംപാട്ടുകര 23 സ്ട്രീ‌റ്റിലെ ഗോപുരത്തിങ്കൽ കാർത്തികേയൻ (63) കുട്ടനെല്ലൂർ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. 15ന് പ്രവേ‌ശിപ്പിക്കുകയും 24ന് വീട്ടിലേക്ക് വിടുകയും ചെയ്തു. പുതിയ മാർഗനിർദേ‌‌‌ശമനുസരിച്ചു നെഗറ്റീവാണോ എന്ന പരി‌ശോധന നടത്താതെയാണു തിരിച്ചയച്ചത്. എന്നാൽ ഇന്നലെ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചപ്പോൾ പോസിറ്റീവാണെന്നു കാണിച്ചു പ്രോട്ടോക്കോൾ അനുസരിച്ചേ സംസ്കരിക്കാവൂ എന്ന് നിർദേശിച്ചു. ഇന്നലെ തളർന്നുവീണശേഷം പലതവണ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് കിട്ടിയില്ലെന്നു ഭാര്യ പു‌‌ഷ്പ പ‌‌റഞ്ഞു.

ഒന്നരമണിക്കൂറിനുശേഷം കാറാണ് അയച്ചത്. വൈദ്യസഹായത്തിന് ഈ വാഹനത്തിൽ ആരുമില്ലായിരുന്നു. തുടർന്നു ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയേലും ഒരു ബന്ധുവും പിപിഇ കിറ്റു ധരിച്ചാണ് കാറിലേക്കു മാറ്റിയത്. ഇന്നു രാവിലെ ലാലൂരിൽ സംസ്കരിക്കും. കൃ‌‌ഷ്ണാപുരം ഗോപുരത്തിങ്കൽ ആയുർവേദ ഫാർമസി ഉടമയാണ് കാർത്തികേയൻ. ഭാര്യ. പു‌ഷ്പ, മക്കൾ.‌ ശ്രീമായ‌‌ (വിദ്യാർഥിനി, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, എൽത്തുരുത്ത്), മോഹിനി‌( സെന്റ് ക്ലെയേ‌ഴ്സ് സ്കൂൾ, തൃശൂർ). സംഭവത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിഎംഒ ഡോ.കെ.ജെ.റീന പറഞ്ഞു

pathram desk 1:
Leave a Comment