തീ ഗോളമായി മാറിയിട്ടും കലി തീരും വരെ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞു, ക്രൂരതയുടെ ഇരയായി വർഗീസ് വിട പറഞ്ഞു

നെയ്യാറ്റിൻകര : അയൽക്കാരൻ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞു തീ കൊളുത്തിയതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുന്നത്തുകാലിനു സമീപം അരുവിയോട് പള്ളിവിള വി.എസ്. ഭവനിൽ വർഗീസ് (47) മരിച്ചു. നിരന്തരം ആവശ്യപ്പെട്ടിട്ടും വീടിനു മുന്നിലെ ശവപ്പെട്ടിക്കട മാറ്റാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് അയൽവാസി അരുവിയോട് തൈപ്പറമ്പിൽ സെബാസ്റ്റ്യൻ (54) ആണ് വർഗീസിനെ ആക്രമിച്ചത്.

പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്ന വർഗീസ്, 80 ശതമാനത്തോളം പൊള്ളലേറ്റ് കഴിഞ്ഞ 9 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുകൊടുക്കും. 12ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

വർഗീസ് കടയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അയൽക്കാരൻ സെബാസ്റ്റ്യൻ ക്രൂരത കാട്ടിയത്. എതിർ വശത്തുള്ള വീട്ടുവളപ്പിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി വർഗീസിനു നേരെ വലിച്ചെറിഞ്ഞ സെബാസ്റ്റ്യൻ, സമീപത്തു കരുതിയിരുന്ന തീപന്തവും എറിഞ്ഞു. കാലിനു സ്വാധീനക്കുറവുണ്ടായിരുന്നതിനാൽ വർഗീസിനു ഓടി രക്ഷപ്പെടാനുമായില്ല. തീ ഗോളമായി മാറിയ ആ ഭിന്നശേഷിക്കാരനു നേരേ, സെബാസ്റ്റ്യൻ കലി തീരുന്നതു വരെ പെട്രോൾ നിറച്ചു സൂക്ഷിച്ചിരുന്ന കുപ്പികൾ വലിച്ചെറിഞ്ഞതായി ദൃക്സാക്ഷി മൊഴിയുണ്ട്.

ചികിത്സയ്ക്കിടെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി വർഗീസിൽ നിന്നും മരണമൊഴി എടുത്തിരുന്നു. സെബാസ്റ്റ്യൻ ഇപ്പോൾ റിമാൻഡിലാണ്. സംഭവം നടന്ന അന്നു തന്നെ ഇയാളെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. വർഗീസിന് രണ്ടര സെന്റ് ഭൂമിയാണുള്ളത്. ഭാര്യ മേരി സ്റ്റെല്ല. വിനീഷ് (20), വിജിൻ (17) മക്കളാണ്. ഇരുവരും വിദ്യാർഥികൾ. വർഗീസിന്റെ വരുമാനം കൊണ്ടാണ് വീടു പുലർന്നിരുന്നത്.

pathram desk 1:
Related Post
Leave a Comment