തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽപെടുത്തി. സംസ്ഥാനത്ത് രോഗം ബാധിച്ച് 19 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണവും സ്ഥിരീകരിച്ചിരുന്നു.
പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണു രോഗം ബാധിക്കുന്നത്. പകർച്ചവ്യാധിയല്ല. ചിലരിൽ അപൂർവമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവിൽനിന്നാണു പൂപ്പൽ ശ്വാസകോശത്തിൽ കടക്കുന്നത്.
പ്രതിരോധ ശേഷിയുള്ളവർക്കു മ്യൂക്കോമിസൈറ്റ് ഭീഷണിയല്ല. കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലർന്ന ഛർദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇനി പറയുന്ന ഗുരുതര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം. മൂക്കടപ്പ്, മൂക്കൊലിപ്പ് (കറുത്ത നിറത്തിൽ), കവിൾ അസ്ഥിയിൽ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീർവീക്കം, മൂക്കിന്റെ പാലത്തിൽ കറുത്ത നിറം, പല്ലുകൾക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങൽ, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസ്സം.
Leave a Comment