ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് ദാരുണാന്ത്യം, ഇതൊരു മുന്നറിയിപ്പ്

ചാർജിലിരിക്കെ ഉപയോഗിക്കരുതെന്നത് മൊബൈൽ ഫോണിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാൽ പലരും ഇതിന് കാര്യമായ ഗൗരവം കൊടുക്കാറില്ല. ചാർജിലിരിക്കെ സംസാരിച്ചു കൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് ഉപയോക്താക്കൾ മരിച്ച നിരവധി സംഭവങ്ങൾ ആഗോളതലത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിലെ ഒടുവിലത്തെ ഇരയായിരിക്കുകയാണ് 54 വയസ്സുള്ള തായ്‌ലാൻഡ് സ്ത്രീ.

ചാർജിലിട്ട് ഫോണിൽ ഗെയിം കളിച്ചാണ് തായ്‌ലാൻഡിലെ യോയെൻ സായേൻപ്രസാർട്ട് ഷോക്കേറ്റ് മരിച്ചത്. മെയ് 6 ന് രാത്രി തായ്‌ലൻഡിലെ ഉഡോൺ പ്രവിശ്യയിലാണ് അപകടം സംഭവിച്ചത്. രണ്ടു ദിവസം മുൻപ് പിറന്നാളിന് ഭർത്താവ് സമ്മാനിച്ച ഫോൺ ആണ് ദുരന്തത്തിന് കാരണമായത്. ഷോക്കേറ്റ സ്ത്രീയുടെ കൈയിൽ പൊള്ളലേറ്റ പാടുകളുണ്ട്. വൈദ്യുതാഘാതമേറ്റതിന് സമാനമായിരുന്നു ഈ പാടുകൾ.

ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോൺ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്. ചാർജ് ചെയ്യുമ്പോൾ ഫോൺ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്. ചാർജർ കൊണ്ടുവരുന്ന വൈദ്യുതി ബാറ്ററിയിലേക്കു കടത്തിവിടുന്ന സങ്കീർണമായ ജോലി ചെയ്യുന്ന ഫോണിനെ മറ്റു ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ മദർബോർഡിന്മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്. ഈ സമ്മർദ്ദം ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ചാർജ് ചെയ്യുന്ന ഫോണിൽ സംസാരിക്കുമ്പോളോ മറ്റെന്തെങ്കിലും ജോലികൾ ചെയ്യുമ്പോഴോ ഫോൺ ചൂടാവുന്നത് ഇതുകൊണ്ടാണ്.

സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടു മൂലം ഷോർട് സർക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം.

ഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല, ഹാന്‍ഡ്‌ സെറ്റിനൊപ്പം ലഭിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ബാറ്ററിയെ ബാധിക്കുമെന്ന കാര്യം. ഇക്കാരണത്താലാണ് സ്മാര്‍ട് ഫോണിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ തന്നെ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ നിര്‍ദ്ദേശിക്കുന്നത്. ബാറ്ററി അതിന്റെ ആയുസിന്റെ അവസാന ഘടത്തില്‍ എത്തുന്ന വേളയില്‍ ഈ പ്രശ്നം കൂടുതല്‍ വഷളായേക്കം. 100 ശതമാനം വരെ ബാറ്ററി ഓവര്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയും ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നതിന് ഇടയാക്കുകയും ചെയ്യും. എപ്പോഴും ഫോണിനൊപ്പം വരുന്ന ചാര്‍ജര്‍ മാത്രം ഉപയോഗിക്കുകയും ബാറ്ററി മാറ്റേണ്ടി വന്നാല്‍ എത്രയും വേഗം മാറ്റുകയും ചെയ്യുക.

pathram desk 1:
Leave a Comment