‘പിൻവാതിൽ വാക്സീനും?’; ചിന്ത ജെറോം വാക്സീൻ സ്വീകരിച്ചതിൽ വിവാദം, പരാതി

കൊല്ലം: യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം കോവിഡ് വാക്സീൻ സ്വീകരിച്ചതിനെച്ചൊല്ലി വിവാദം. പിൻവാതിൽ നിയമനം പോലെ സിപിഎം ഭരണകാലത്തു ‘പിൻവാതിൽ വാക്സീൻ’ എന്നാരോപിച്ചു സമൂഹ മാധ്യമങ്ങളിൽ നൂറുകണക്കിനു പേർ രംഗത്തുവന്നു. 18-45 വയസ്സ് പ്രായപരിധിയിലുള്ളവർക്കു കോവിഡ് വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്നിരിക്കെ, 32 വയസ്സുള്ള ചിന്തയ്ക്കു വാക്സീന്‍ നൽകിയതാണു വിവാദമായത്.

തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം വാക്സീൻ സ്വീകരിക്കുന്നതിന്റെ ഫോട്ടോ സഹിതം സമൂഹമാധ്യമത്തിൽ ചിന്ത പങ്കുവച്ചിരുന്നു. വാക്സിനേഷനിലും പിൻവാതിൽ പരിപാടി എന്നാരോപിച്ച് അനവധി പേർ ഇതോടെ രംഗത്തുവന്നു. കൊല്ലം ബാറിലെ അഭിഭാഷകൻ ബോറിസ് പോൾ ചിന്തയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ ചിത്രം സഹിതം മുഖ്യമന്ത്രിക്കു പരാതി നൽകി.

18-45 വയസ്സ് പരിധിയിലുള്ളവർക്കു വാക്സിനേഷൻ വൈകുമെന്ന ഔദ്യോഗിക അറിയിപ്പു നിലനിൽക്കുമ്പോൾ ചിന്ത ജെറോം വാക്സീൻ എടുത്തതു ഗുരുതര സംഭവമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതി ഉചിതമായ നടപടിക്കായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നൽകി.

എന്നാൽ, സർക്കാർ ജീവനക്കാർക്കെല്ലാം കോവിഡ് വാക്സീൻ നൽകാമെന്ന കേന്ദ്ര സർക്കാർ മാർഗ നിർദേശം നിലവിലുള്ളതിനാലാണു വാക്സീൻ സ്വീകരിച്ചതെന്നു ചിന്ത ജെറോം പറയുന്നു. യുവജന കമ്മിഷൻ ചെയർപഴ്സനു വകുപ്പു സെക്രട്ടറിയുടെ റാങ്ക് ആണ്. സെക്രട്ടേറിയറ്റിലെയും വികാസ് ഭവനിലെയും ഭൂരിപക്ഷം ജീവനക്കാരും വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു.

ഓൺലൈൻ ആയി റജിസ്റ്റർ ചെയ്ത ശേഷമാണു വാക്സീൻ എടുത്തതെന്നും ചിന്ത പറയുന്നു. എന്നാൽ, തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമാണു 18-45 വയസ്സ് പ്രായപരിധി നോക്കാതെ വാക്സീൻ നൽകിയിട്ടുള്ളൂവെന്നാണു ചിന്തയ്ക്കു വാക്സീൻ നൽകിയതിനെ വിമർശിക്കുന്നവരുടെ വാദം.

pathram desk 1:
Related Post
Leave a Comment