കൊറോണ ഭീതിയും വ്യാപനവും: കൂടുതല്‍ കണ്ടെത്തലുകളുമായി ഇന്ത്യൻ ഗവേഷകർ

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആശങ്ക സര്‍വവ്യാപകമായിരിക്കുന്നു. ഇതിനിടെ കൊറോണ വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐഐടി മദ്രാസിലെ ഗവേഷകരുട പഠനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ജലദോഷം പരത്തുന്ന കൊറോണ വൈറസ് താരതമ്യേന ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കോവിഡ്–19ന് കാരണമാകുന്ന സാര്‍സ് കോവ് 2വും സാര്‍സ് കോവ് വൈറസും എങ്ങനെ അപകടകാരികളാവുന്നുവെന്നാണ് ഇവര്‍ അന്വേഷിച്ചത്. പഠനത്തിലെ വിവരങ്ങള്‍ ഭാവിയില്‍ കോവിഡിനെതിരായ ചികിത്സയില്‍ ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു.

2002ല്‍ ചൈനയില്‍ തിരിച്ചറിഞ്ഞ സാര്‍സ് കോവ് വൈറസിനും സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ എന്‍എല്‍ 63നും ഒപ്പം സാര്‍സ് കോവ് 2 വൈറസിനേയുമാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്. കൊറോണ വൈറസുകളുടെ സ്‌പൈക് പ്രോട്ടീനുകളും മനുഷ്യശരീരത്തിലെ എസിഇ2 റിസപ്ടറുകളും തമ്മിലുള്ള ബന്ധമാണ് രോഗ വ്യാപനത്തില്‍ ഏറെ നിര്‍ണായകമാവുന്നതെന്ന് ഇവര്‍ കണ്ടെത്തി.

കൊറോണ വൈറസിന്റെ മനുഷ്യശരീരത്തിലേക്കുള്ള പ്രവേശന കവാടങ്ങളായാണ് എസിഇ2 കളെ കരുതുന്നത്. മനുഷ്യശരീരത്തിലെ ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകള്‍, കിഡ്‌നി, കരള്‍ തുടങ്ങി നിരവധി ഭാഗങ്ങളില്‍ എസിഇ2 പ്രോട്ടീനുകളെ കണ്ടെത്താനാവും. കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീനുകള്‍ ഈ എസിഇ2 വിലാണ് ആദ്യം പറ്റിപ്പിടിക്കുന്നതും പിന്നീട് ഇരട്ടിച്ച് പടര്‍ന്നുപിടിക്കുന്നതും. ഏതെല്ലാം ഭാഗങ്ങളില്‍ എസിഇ2വിന്റെ സാന്നിധ്യമുണ്ടോ അവിടെയെല്ലാം സാര്‍സ് കോവ് 2 വൈറസിന് എത്തിപ്പെടാനും വ്യാപിക്കാനും എളുപ്പമാണ്.

മനുഷ്യരിലെ എസിഇ 2 റിസപ്ടറുകളുമായി എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്ന സ്‌പൈക് പ്രോട്ടീനുകളുള്ള വൈറസുകളാണ് കൂടുതല്‍ അപകടകാരികളാകുന്നതെന്ന് ഈ പഠനത്തിലൂടെ തിരിച്ചറിഞ്ഞു. ജനിതക പരിണാമം സംഭവിച്ച പല സാര്‍സ് കോവ് 2 വൈറസുകള്‍ക്ക് മനുഷ്യരിലെ എസിഇ 2 റിസപ്ടറുകളുമായി ചേരാനുള്ള ശേഷി കൂടുതലാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മിഷേല്‍ ഗ്രോമിഹ പറയുന്നു. ഇവയ്ക്ക് പരസ്പരം ബന്ധം സ്ഥാപിക്കാനുള്ള ശേഷി കൂടുതലാണെങ്കില്‍ അത്രത്തോളം രോഗം പകരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. ഇക്കാര്യം ഭാവിയില്‍ കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നതിലും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൊറോണ വൈറസുകളില്‍ സാര്‍സ് കോവും സാര്‍സ് കോവ്2ഉം അപകടകാരികളാവുന്നതും എന്‍എല്‍63 ശേഷി കുറഞ്ഞതാവുന്നതും എന്തുകൊണ്ട്? എന്ന പേരിലാണ് ഐഐടി മദ്രാസിലെ ഗവേഷകര്‍ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാസ്ത്രജേണലായ പ്രോട്ടീന്‍സ്: സ്ട്രക്ചര്‍, ഫങ്ഷന്‍, ബയോ ഇന്‍ഫോര്‍മാറ്റിക്‌സിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

pathram desk 1:
Leave a Comment