അതിതീവ്ര വ്യാപനശേഷിയുള്ള വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി ,ഇന്ത്യന്‍ വകഭേദം ഏറ്റവുമധികം കോട്ടയം ജില്ലയില്‍

തിരുവനന്തപുരം: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വൈറസ് വകഭേദം ഏറ്റവുമധികം ഉള്ളത് കോട്ടയം ജില്ലയിലാണ് – 19.05%. ബ്രിട്ടിഷ് വകഭേദം കൂടുതലും കണ്ണൂര്‍ ജില്ലയിലും (75%) ദക്ഷിണാഫ്രിക്കന്‍ വകഭേദം പാലക്കാടു(21.43%)മാണ് കണ്ടെത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെയാണ്. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.

കോവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യമുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

ജനിതക വ്യതിയാനം വന്ന വൈറസുകള്‍ സംസ്ഥാനത്ത് ഏപ്രില്‍ ആദ്യവാരം തന്നെ വ്യാപിച്ചതായാണു വിവരം. കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍!ക്ക് അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകളാണു ബാധിച്ചതെന്നു പഠന റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 30% പേരില്‍ ലണ്ടനിലെ വൈറസ് വകഭേദം ബാധിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശക്തിയെ പോലും മറികടക്കുന്ന മഹാരാഷ്ട്രയിലെ ഇരട്ടവ്യതിയാനം സംഭവിച്ച വൈറസ് 7% പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം 2% പേരിലും കണ്ടെത്തി.

pathram:
Related Post
Leave a Comment