ഓക്‌സിജന്‍ വിതരണം;പരാതിപ്പെടുന്നത് ഡല്‍ഹിയിലെ ആശുപത്രികള്‍ മാത്രമാണ്

ന്യൂഡല്‍ഹി: രാജ്യത്താകമാനം 800 ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ മാത്രമാണ് പരാതിപ്പെടുന്നതെന്നും ഓക്‌സിജന്‍ വിതരണക്കാരായ ഇനോക്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍. ഡല്‍ഹിയിലേക്കുള്ള വിതരണം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും യുപിക്കും രാജസ്ഥാനും അനുവദിക്കുകയും ചെയ്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഇനോക്‌സ് പറഞ്ഞു.

105 മെട്രിക് ടണ്‍ ഓക്‌സിജനില്‍ നിന്ന് ഡല്‍ഹിക്കുള്ള വിഹിതം 80 മെട്രിക് ടണ്ണായി കുറച്ചതായി ഇനോക്‌സ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാരില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഉത്തരവുകള്‍ പരസ്പര വിരുദ്ധമാണെന്നും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഇനോക്‌സ് ഹൈക്കോടതിയെ അറിയിച്ചു.

‘ ആശുപത്രികള്‍ക്ക് 125 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡല്‍ഹിക്കുള്ള ഞങ്ങളുടെ വിഹിതം 80 മെട്രിക് ടണ്‍ ആക്കി പുതുക്കിക്കൊണ്ട് കേന്ദ്രം ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. ഞങ്ങള്‍ എന്തുചെയ്യണം? ‘ ഇനോക്‌സ് മേധാവി സിദ്ധാര്‍ഥ് ജെയിന്‍ കോടയില്‍ ചോദിച്ചു.

490 മെട്രിക് ടണ്‍ വിഹിതത്തില്‍ 300 മെട്രിക് ടണ്ണോളം മാത്രമാണ് ഡല്‍ഹിക്ക് ലഭിക്കുന്നത്. ഈ കുറവ് മൂലം ആശുപത്രികള്‍ ഞങ്ങള്‍ക്ക് അടിയന്തിര സന്ദേശം അയയ്ക്കുന്നു. കഴിഞ്ഞ ഏഴു ദിവസമായി ഞങ്ങള്‍ ഉറങ്ങിയിട്ടില്ല. ഏത് ആശുപത്രികളിലേക്ക് എത്ര വിതരണം ചെയ്യണമെന്ന് ഞങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി തന്റെ ട്രക്കുകള്‍ വഴിതിരിച്ചുവിടുന്നതയും അദ്ദേഹം ആരോപിച്ചു. ഹരിയാണ നമ്പര്‍ പ്ലേറ്റുകളുള്ള ഞങ്ങളുടെ നാല് ടാങ്കറുകള്‍ രാജസ്ഥാന്‍ പിടിച്ചെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment