24-ാം വയസ്സിൽ മികച്ച പ്രകടനം ഉറപ്പു പറഞ്ഞിട്ടില്ല, പിന്നല്ലേ 40–ാം വയസ്സിൽ: ധോണി

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ബാറ്റിങ്ങിലെ തന്റെ മെല്ലെപ്പോക്ക് ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി. ഈ 40–ാം വയസ്സിൽ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം തന്നിൽനിന്ന് പ്രതീക്ഷിക്കരുതെന്ന് ധോണി സൂചന നൽകി. രാജസ്ഥാനെതിരായ മത്സരത്തിൽ ചെന്നൈയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഘട്ടത്തിൽ ധോണിയുടെ മെല്ലെപ്പോക്ക് അവരുടെ സ്കോറിങ് നിരക്കിനെ ബാധിച്ചിരുന്നു. അനായാസം 200 കടക്കുമെന്ന തോന്നിച്ച ചെന്നൈയെ 188 റൺസിൽ ഒതുക്കിയത് 17 പന്തിൽ 18 റൺസ് നേടിയ ധോണിയുടെ ബാറ്റിങ്ങാണെന്ന വിമർശനം ശക്തമാണ്.

ചെന്നൈ ഇന്നിങ്സിലെ 14–ാം ഓവറിൽ സുരേഷ് റെയ്ന പുറത്തായതോടെയാണ് ഏഴാമനായി ധോണി ക്രീസിലെത്തിയത്. ഈ സമയത്ത് 13.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. ശരാശരി ഓവറിൽ ഏതാണ്ട് ഒൻപത് റൺസ്. അക്കൗണ്ട് തുറക്കാൻ വേണ്ടി മാത്രം ധോണി പാഴാക്കിയത് അ‍ഞ്ച് പന്തുകളാണ്. മൂന്ന് ഓവറിലധികം ക്രീസിൽനിന്ന ധോണിയെ 18–ാം ഓവറിലെ രണ്ടാം പന്തിൽ ചേതൻ സകാരിയയാണ് പുറത്താക്കിയത്.17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 18 റൺസുമായി ധോണി മടങ്ങുമ്പോൾ രാജസ്ഥാൻ സ്കോർ ആറിന് 147 റൺസ്. റൺറേറ്റും ഇടിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ധോണിക്കെതിരെ ചോദ്യമുയർന്നത്.

മത്സരം ജയിച്ചശേഷം പുരസ്കാര ദാനത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് ബാറ്റിങ്ങിലെ തന്റെ മെല്ലെപ്പോക്ക് ടീമിനു തിരിച്ചടിയാകാൻ സാധ്യതയുണ്ടായിരുന്നുവെന്ന ധോണിയുടെ ‘കുറ്റസമ്മതം’. മികച്ച പ്രകടനം ഒരുകാലത്തും ആർക്കും ഉറപ്പു നൽകാനാകില്ലെന്നും ധോണി ചൂണ്ടിക്കാട്ടി.

‘ഞങ്ങൾക്ക് കുറച്ചുകൂടി റൺസ് നേടാമായിരുന്നുവെന്ന് തോന്നുന്നു. ഞാൻ നേരിട്ട ആദ്യത്തെ ആറു പന്തുകൾ ഒരുപക്ഷേ, മത്സരം തന്നെ ഞങ്ങൾക്ക് ‌നഷ്ടമാക്കുമായിരുന്നു’ – ധോണി പറഞ്ഞു.

‘ഈ പറഞ്ഞതെല്ലാം വസ്തുത തന്നെ. പക്ഷേ, നമ്മൾ കളത്തിലുള്ളപ്പോൾ മതിയായ കായികക്ഷമതയില്ലെന്ന് ആരെങ്കിലും പറയുന്നതിനേക്കാൾ ഭേദമല്ലേ ഇത്. മികച്ച പ്രകടനം ഒരുകാലത്തും നമുക്ക് ഉറപ്പു നൽകാനാകില്ലല്ലോ. 24–ാം വയസ്സിൽ മികച്ച പ്രകടനം നടത്താമെന്ന് ഞാൻ ആർക്കും ഉറപ്പു കൊടുത്തിട്ടില്ല. അപ്പോൾപ്പിന്നെ ഈ 40–ാം വയസ്സിലും അതു സാധിക്കില്ല’ – ധോണി പറഞ്ഞു.

‘ഈ പ്രായത്തിൽ കളിക്കാനുള്ള കായികക്ഷമത എനിക്കില്ലെന്ന് ആരെക്കൊണ്ടും പറയിക്കാത്തത് വലിയൊരു കാര്യമായാണ് ഞാൻ കാണുന്നത്. യുവതാരങ്ങൾക്കൊപ്പം ശരീരക്ഷമതയുടെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവർ വളരെയധികം ഓടുന്നവരാണ്. മാത്രമല്ല വേഗത്തിലും ഓടും. അവരോടു മത്സരിക്കുന്നത് രസമല്ലേ’ – ധോണി ചോദിച്ചു.

pathram desk 1:
Leave a Comment