കതിരൂരില്‍ സ്‌ഫോടനമുണ്ടായത് ബോംബ് നിര്‍മാണത്തിനിടെ; സ്ഥലം മഞ്ഞള്‍ പൊടിയിട്ട് കഴുകി

കണ്ണൂർ: കതിരൂരിൽ ബോംബ് സ്ഫോടനമുണ്ടായി യുവാവിന്റെ കൈപ്പത്തികൾ തകർന്നത് ബോംബ് നിർമാണത്തിനിടെയെന്ന് കണ്ടെത്തൽ. ഇതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.

സിമന്റ് ടാങ്കിൽവെച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ നിജേഷ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തികൾ അറ്റുപോയി.

വിഷുദിവസമായതിനാൽ പടക്കം പൊട്ടിയതാണെന്നാണ് പരിസരവാസികൾ ആദ്യം കരുതിയത്. എന്നാൽ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമായതിനാൽ നാട്ടുകാരിൽ സംശയമുണ്ടായി. പിന്നാലെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ യുവാവിന്റെ കൈപ്പത്തിയുടെയും വിരലുകളുടെയും അവശിഷ്ടങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്ത് മഞ്ഞൾപൊടിയിട്ട് കഴുകി വൃത്തിയാക്കാൻ ശ്രമിച്ചതും കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

pathram desk 1:
Related Post
Leave a Comment