കാസർകോട് : പോളിങ് കഴിഞ്ഞിട്ടും മുന്നണികൾക്കു പിടികൊടുക്കാതെ മഞ്ചേശ്വരത്തെ വോട്ട് കണക്ക്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ വർധിച്ചതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. അതേസമയം എൻഡിഎയ്ക്കു സ്വാധീനമുള്ള അൻപതോളം ബൂത്തുകളിൽ പോളിങ് 80 ശതമാനം കടന്നതു കൂടി കണക്കിലെടുക്കുമ്പോൾ മണ്ഡലം ആർക്കൊപ്പമെന്നു പ്രവചിക്കുക അസാധ്യം.
ബൂത്തുകളിലെ പോളിങ് കണക്ക് പ്രകാരം 76.88% പേരാണ് ഇത്തവണ വോട്ട് ചെയ്തത്. തപാൽ വോട്ടുകൾ കൂടി ചേർക്കുമ്പോൾ ഇത് അൽപം കൂടി വർധിക്കും. യുഡിഎഫിനും എൻഡിഎയ്ക്കും എൽഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള വോർക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്(80.65%). കുറവ് കുമ്പളയിലും (73.73%). 2020ലെ ഉപതിരഞ്ഞെടുപ്പിൽ 75.28% വും 2016 ൽ 76.33%വുമായിരുന്നു മണ്ഡലത്തിലെ പോളിങ്. മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലായി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേതിനേക്കാൾ 4506 വോട്ടുകളാണ് വർധിച്ചത്.
കോവിഡ് കാരണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരും, സാധാരണ ഈ സമയങ്ങളിൽ ഉണ്ടാകാറുള്ള ഉംറ ഇത്തവണ ഇല്ലാത്തതുമാണ് വോട്ടർമാരുടെ എണ്ണം വർധിക്കാൻ കാരണമായതായി യുഡിഎഫ് കാണുന്നു. ഉംറ ഇല്ലാത്തതിനാൽ കുറഞ്ഞത് ആയിരം പേരെങ്കിലും നാട്ടിലുള്ളതായി ഇവർ പറയുന്നു. എൻമകജെ പഞ്ചായത്തിൽ എൻഡിഎയ്ക്കു പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലും ഉണ്ട്.
എന്നാൽ എൻമകജെ, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ എൻഡിഎ സ്വാധീന മേഖലകളിലെ ബൂത്തുകളിൽ പോളിങ് 80% കടന്നതിന്റെ സന്തോഷം എൻഡിഎ ക്യാംപിലുമുണ്ട്. എൻഡിഎ ലീഡ് പ്രതീക്ഷിക്കുന്ന മീഞ്ചയിലും പൈവളികെയിലും എൺമകജെയിലും പോളിങ് ശതമാനം മണ്ഡലം ശരാശരിയേക്കാൾ കൂടുതലാണ്. എൻഡിഎ വോട്ടുകൾ പൂർണമായും ഇത്തവണ പോൾ ചെയ്തതതായാണ് ഒടുവിലത്തെ വിലയിരുത്തൽ. പതിവിൽ നിന്നു വ്യത്യസ്തമായി മുംബൈയിൽ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്നവരെ പ്രത്യേകം വാഹനം ഏർപ്പെടുത്തി വോട്ട് ചെയ്യാൻ എത്തിച്ചിരുന്നു.
2016 ലെ 89 വോട്ടിന്റെ തോൽവി ഓരോ വോട്ടിന്റെ വിലയും അവരെ പഠിപ്പിച്ചിരുന്നു! സാധാരണ യുഡിഎഫിന് ലഭിച്ചിരുന്ന ചില വോട്ടുകൾ ഇത്തവണ എൻഡിഎയ്ക്ക് അനുകൂലമായതായി ബിജെപി വിലയിരുത്തുന്നു.പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും മണ്ഡലത്തിൽ വിജയിക്കാൻ സാധ്യതയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തൽ. എൽഡിഎഫ് ഭരിക്കുന്ന പൈവളികെ, വോർക്കാടി, പുത്തിഗെ പഞ്ചായത്തുകളിൽ പോളിങ് കൂടുതലാണെങ്കിലും അടിയൊഴുക്കില്ലാതെ എൽഡിഎഫിനു ജയിക്കാനാകില്ല.
Leave a Comment