തപാൽ വോട്ടിലും ഇരട്ടിപ്പ്; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ചെന്നിത്തല

തിരുവനന്തപുരം: തപാൽ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പുണ്ട്. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് ഓഫിസ് വിലാസത്തിലോ വീട്ടിലെ വിലാസത്തിലോ വീണ്ടും ബാലറ്റുകൾ വരുന്നു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. വോട്ടർപട്ടികയിൽ ഇവരെ മാർക്ക് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷനെ ആശങ്ക അറിയിച്ച പ്രതിപക്ഷ നേതാവ് 5 നിർദേശങ്ങളടങ്ങിയ പരാതിയും കൈമാറി.

തപാൽ വോട്ടിലെ ഇരട്ടിപ്പ് ഉടൻ കണ്ടെത്തണമെന്നു പരാതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥർ രണ്ടാമത് ചെയ്ത തപാൽ വോട്ടുകൾ എണ്ണരുതെന്നു നിർദേശം നൽകണം. പോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്റ്റൽ ബാലറ്റ് അയയ്ക്കുന്നതിനു മുൻപ് അവർ നേരത്തെ വോട്ടു ചെയ്തില്ല എന്നു ഉറപ്പാക്കണം. പ്രത്യേക കേന്ദ്രത്തിൽ വോട്ടു ചെയ്ത ഉദ്യോഗസ്ഥർക്ക് വീണ്ടും തപാൽ വോട്ട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം. എത്ര ബാലറ്റ് യൂണിറ്റ് പ്രിന്റ് ചെയ്തു ഇനി ബാക്കി എത്ര എന്ന കണക്കും പുറത്തുവിടണം. 80 വയസുകഴിഞ്ഞവരുടെ വോട്ടുകൾ വീട്ടിലെത്തി ശേഖരിച്ചതിനെപ്പറ്റിയും പരാതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടു.

വോട്ടുകൾ സീൽ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചത്. ഇടതു അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തി. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാനൂരിലെ കൊലപാതകം ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം. കൊലപാതകം വഴിതിരിച്ചു വിടാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment