നെയ്യാറ്റിന്‍കരയില്‍ യുവാവിന് നേരേ ആള്‍ക്കൂട്ട ആക്രമണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിന് നേരേ ആള്‍ക്കൂട്ട ആക്രമണം. ടി.ബി. ജങ്ഷന്‍ ചന്തയിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കുടപ്പന സജീവിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മത്സ്യം കയറ്റിവന്ന വാഹനം അമിതവേഗത്തില്‍ ചന്തയിലേക്ക് പ്രവേശിച്ചത് ചോദ്യംചെയ്തതിനാണ് സജീവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് വിവരം. യുവാവിനെ പിന്തുടര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സജീവും ചന്തയിലെ മറ്റുചില ജീവനക്കാരും തമ്മില്‍ നേരത്തെ തര്‍ക്കംനിലനിന്നിരുന്നതായും ഇതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് ഉടന്‍തന്നെ പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

pathram:
Related Post
Leave a Comment