മേശ പൊളിച്ചു ഭാര്യയുടെ സ്വർണം കവർന്നു; കൂടുതൽ തട്ടിപ്പുകൾ പൊലീസ് കണ്ടെത്തി, സുഹൃത്തിനെ കുറിച്ചും ദുരൂഹത..

കാക്കനാട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവു കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹന്റെ കൂടുതൽ തട്ടിപ്പുകൾ പൊലീസ് കണ്ടെത്തി. മാസങ്ങൾക്കു മുൻപു സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വർണം ഇയാൾ കവർന്നതായി പൊലീസിനു വിവരം ലഭിച്ചു. വീട്ടുകാർ പരാതി നൽകാതിരുന്നതിനാൽ കേസായില്ല. മേശ നന്നാക്കാനെന്ന വ്യാജേനെ വർക്‌ഷോപ്പിൽ നിന്നു ആളെ വരുത്തിയാണു പൂട്ടു മുറിച്ചു മാറ്റിയതത്രേ. ഇതുൾപ്പെടെ ഒട്ടേറെ തട്ടിപ്പുകളെക്കുറിച്ചാണു വിവരം ലഭിക്കുന്നത്.

പുണെയിലും ചെന്നൈയിലും കേരളത്തിലുമായി അടുപ്പക്കാരും അല്ലാത്തവരും സനുവിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഏതുസമയവും മാർവാഡി സംഘം തന്നെ പിടിച്ചു കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നു ബന്ധുക്കളോടു സനു പറഞ്ഞിരുന്നു. പുണെയിൽ അന്വേഷണം നടത്തിയാലേ സനുവിന്റെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരൂ. പൊലീസ് വൈകാതെ പുണെയ്ക്കു പോകും. സഹോദരൻ വഴിയാണു സനു പുണെയിൽ എത്തുന്നത്. അവിടെ തട്ടിപ്പുകൾ നടത്തിയതോടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളുമായി അകന്നു. കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയതിനു ശേഷം ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്കു സനു പോകാറില്ലായിരുന്നു.

അടുത്ത കുടുംബാംഗങ്ങൾ മരിച്ചപ്പോൾ പോലും സനു പോയില്ലെന്നാണു പൊലീസിനു ലഭിച്ച വിവരം. താമസിക്കുന്ന ഫ്ലാറ്റിലെ അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. ആളുകളുടെ വിശ്വാസം പിടിച്ചുപറ്റി തട്ടിപ്പു നടത്തുന്നതിൽ സനു വിദഗ്ധനാണെന്നു തെളിയിക്കുന്ന വിവരങ്ങളാണു പുറത്തു വരുന്നത്. ഇന്റീരിയർ ഡിസൈനിങ് സാമഗ്രികൾ വാങ്ങിയ ഇനത്തിൽ പല സ്ഥാപനങ്ങൾക്കും പണം നൽകാനുണ്ട്. സനു മോഹനെ തേടി ചെന്നൈയ്ക്കു പോയ പൊലീസ് സംഘം ഇന്നു മടങ്ങും. സനുവിന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നു കരുതുന്ന വ്യക്തിയുടെ താമസസ്ഥലം തേടിയാണ് പൊലീസ് ചെന്നൈയ്ക്കു പോയത്.

ഫോൺ വിശദാംശങ്ങളിൽ നിന്നാണു സുഹൃത്തിനെ കുറിച്ചു വിവരം ലഭിച്ചത്. കേരളം വിട്ട സനു അവിടെ എത്തിയിട്ടുണ്ടാകുമെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. അവധി പ്രമാണിച്ചു സുഹൃത്തും കുടുംബവും കേരളത്തിലേക്കു മടങ്ങിയതിനാലാണു പൊലീസ് തിരികെ പോരുന്നത്. ഈ സുഹൃത്തിനെ കുറിച്ചും ദുരൂഹതയുണ്ട്. സിംഗപ്പൂരിലാണെന്നാണു ചെന്നൈയിലുള്ള ഇദ്ദേഹം നാട്ടിൽ പറഞ്ഞിരിക്കുന്നതത്രേ. മൊബൈൽ ഫോൺ ലൊക്കേഷനിലൂടെയാണ് ഇദ്ദേഹം ചെന്നൈയിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചത്.

സനു മോഹനുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ കണ്ടെത്താനുള്ള പരിശോധനയ്ക്കും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം സനു പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ഇതിനകം ഒരു ലക്ഷത്തോളം കോളുകൾ പരിശോധിച്ചതിൽ ഏതാനും നമ്പറുകൾ മാത്രമാണു സനുവിന്റെ ഫോൺ നമ്പറുകളുമായി സമീപകാലത്തു നിരന്തരം ബന്ധപ്പെട്ടിട്ടുള്ളത്.

pathram desk 1:
Leave a Comment