കോവിഡ് രോഗബാധയിൽ കുതിപ്പ്, പുതിയ 84 % രോഗികൾ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്‌, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്‌ എന്നീ എട്ടു സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തി. പുതിയ കോവിഡ് കേസുകളിൽ 84.73 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.

24 മണിക്കൂറിനിടെ 53,480 പുതിയ കേസാണു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 27,918. ഛത്തിസ്ഗഡിൽ 3,108 പേർക്കും കർണാടകയിൽ 2,975 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,52,566 ആയി. ഇത് ആകെ രോഗികളുടെ 4.55 ശതമാനമാണ്. അതേസമയം, 24 മണിക്കൂറിനിടെ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 11,846 പേരുടെ കുറവ് രേഖപ്പെടുത്തി

ബുധനാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 10,46,757 സെഷനുകളിലായി 6.30 കോടി (6,30,54,353) വാക്സീൻ ഡോസാണ് വിതരണം ചെയ്തത്. വാക്സിനേഷൻ യജ്ഞത്തിന്റെ ഏഴുപത്തിനാലാം ദിവസമായ മാർച്ച്‌ 30 ന് 19,40,999 ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണം ചെയ്തത്. 45 വയസ്സിനു മേൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സീനേഷന് ഏപ്രിൽ ഒന്നിന് രാജ്യത്ത് തുടക്കമാവും.

രാജ്യത്ത് ഇതുവരെ 1,14,34,301 പേർ രോഗമുക്തരായി. 94.11% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 41,280 പേരാണ് രോഗ മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 354 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 82.20 ശതമാനവും ആറു സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം – 139, പഞ്ചാബിൽ 64 മരണവും റിപ്പോർട്ട് ചെയ്‌തു.

pathram desk 1:
Related Post
Leave a Comment