പത്തനംതിട്ട: ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍. അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചതാണ്. പക്ഷേ വ്യക്തിപരമായി ശോഭ അസൗകര്യം പ്രകടിപ്പിക്കുകയായിരുന്നു.
ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ശോഭ സുരേന്ദ്രനെ താന്‍ നേരിട്ടുവിളിച്ച് അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരുന്ന ബിജെപി ആ സാധ്യതകള്‍ മങ്ങിയതോടെ ശോഭയെ ഇവിടേയ്ക്ക പരിഗണിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലത്തും കരുനാഗപ്പള്ളിയിലും മറ്റ് രണ്ടു മണ്ഡലത്തിലേക്ക് കൂടി ശോഭയുടെ പേര് പരിഗണിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കുന്നില്ലെന്ന് നിലപാട് എടുത്തതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ടു ദിവസംമുമ്പ് ശോഭയെ വിളിച്ച് താന്‍ സംസാരിച്ചിരുന്നെന്നും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ശോഭാ സുരേന്ദ്രനുമായി താന്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും ബാക്കിയുള്ളതെല്ലാം വെറും കഥകള്‍ മാത്രമാണെന്നും അവയ്ക്ക് 24 മണിക്കൂറേ ആയുസ്സുള്ളൂ എന്നും പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം ശോഭയുടെ കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദം നല്‍കിയെന്നാണ് വിവരം.
ഇന്ന് രാവിലെ ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി സംസാരിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി ലതികാസുഭാഷ് തല മുണ്ഠനം ചെയ്ത സംഭവം ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സമുന്നതയായ വനിതാ നേതാവിന് സീറ്റ് നിഷേധിക്കരുതെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. നേരത്തേ തന്നെ ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം ബോധപൂര്‍വ്വം തഴയുകയായിരുന്നു എന്ന ആക്ഷേപമാണ് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്.
ഞാന്‍ മത്സരിക്കണമെന്നു കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഉന്നതനേതാവ് ഇന്നലെയും വിളിച്ചു മത്സരരംഗത്തുണ്ടാകണമെന്നു പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍ പേര് എങ്ങനെ ഒഴിവാെയന്ന് അറിയില്ലെന്നായിരുന്നു ശോഭയുടെ പ്രതികരണം. കെ. സുരേന്ദ്രന്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്നതിനെയും വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനു ലഭിച്ചിരിക്കുന്നതെന്നും രണ്ടു സീറ്റിലും അദ്ദേഹത്തിനു ജയിക്കാനാകട്ടെയെന്നും പറഞ്ഞിരുന്നു.
Leave a Comment