ന്യൂഡല്‍ഹി: സ്വാശ്രയശീലമുള്ള രാജ്യമെന്ന ലക്ഷ്യം നേടാന്‍ സ്വകാര്യ മേഖലയ്ക്കും തുല്യ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ സംരംഭകരുടെ താല്‍പര്യങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി.
രാജ്യവികസനത്തെ സ്വകാര്യ മേഖലയും വളരെ താല്‍പര്യത്തോടെ സമീപിക്കുകയാണ്. അവരുടെ താല്‍പര്യത്തെയും ഊര്‍ജ്ജസ്വലതയെയും ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നു. സ്വാശ്രയ ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സ്വകാര്യ മേഖലയ്ക്കും തുല്യ പങ്കാളിത്തം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
സ്വാശ്രയ ഇന്ത്യയെന്നാല്‍ രാജ്യത്തിനുവേണ്ടി മാത്രമല്ല ലോകത്തിനുവേണ്ടി കൂടി ഉല്‍പ്പാദിപ്പിക്കുന്നതാകണം. വിവിധ മേഖലകളില്‍ ഇന്ത്യയെ നിര്‍മ്മാണ ഹബ്ബാക്കുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനുള്ള സുവര്‍ണാവസരമാണിത്. പദ്ധതികളുടെ ആനുകൂല്യം അവസരമാക്കി നിക്ഷേപ സമാഹരണത്തിന് സംസ്ഥാനങ്ങള്‍ക്ക് കഴിയണം. എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന സമീപനമാണ് കൃഷി മുതല്‍ മൃഗപരിപാലനം വരെയുള്ള രംഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. കൊറോണ കാലത്ത് കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതി വര്‍ദ്ധിച്ചതിന് കാരണമതാണെന്നും മോദി വിലയിരുത്തി.
കോവിഡ് കാലത്ത് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ഐക്യത്തോടെ യത്‌നിച്ചു. ആ ഒത്തൊരുമ വിജയത്തിലെത്തുകയും ചെയ്തു. കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ വികാരത്തെ മാനിക്കുന്നതാണ്. ഇന്ത്യയുടെ അതിവേഗ വികസനത്തിന് ബജറ്റ് തുണയേകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Leave a Comment