കുംഭമാസ പൂജ: ശബരിമല നട ഇന്നു തുറക്കും

പമ്പ: കുംഭമാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട വൈകുന്നേരം 5 മണിക്ക് തുറക്കും. ഇന്ന് പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല.

ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയാണ് ശ്രീകോവില്‍ നട തുറന്ന് വിളക്ക് തെളിക്കുക. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളും തുറക്കും. പിന്നാലെ പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകരും.

കുംഭം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ കുംഭമാസ പൂജാക്കാലത്ത് ശബരിമല ദര്‍ശനത്തിന് അവസരം ലഭിക്കുകയുള്ളൂ. ദിവസവും 5000 ഭക്തര്‍ക്ക് വീതം ശബരിമലയില്‍ പ്രവേശിക്കാം.

കോവിഡ് മാനദണ്ഡങ്ങള്‍ തീര്‍ത്ഥാടകര്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആര്‍ടിപിസിആര്‍/ ആര്‍ടി ലാബ്/എക്‌സ്‌പേര്‍ട്‌സ് നാറ്റ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനെത്തുന്നവര്‍ ഹാജരാക്കണം. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ താമസ സൗകര്യ ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്.

pathram desk 2:
Related Post
Leave a Comment